മൈക്കൽ നീസറുടെ വിവാദ ക്യാച്ചിനെ ചൊല്ലി തര്‍ക്കം, അത് ഔട്ട് തന്നെയെന്ന് എംസിസി

0
240

ബ്രിസ്ബേന്‍: ഓസ്ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷിനിടയിലെ ഒരു ക്യാച്ചിനെ കുറിച്ചാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച. സിഡ്നി സിക്സേഴ്സിന്‍റെ ജോര്‍ദാന്‍ സിൽക്കിനെ പുറത്താക്കാന്‍ ബ്രിസ്ബേന്‍ ഹീറ്റ് താരം മൈക്കൽ നീസര്‍ സ്വന്തമാക്കിയ ക്യാച്ചിനെ ചൊല്ലിയാണ് വിവാദം മൈക്കൽ നീസറുടെ ഈ ക്യാച്ച് നിയമവിധേയമാണോ ? ആരാധകരും വിദഗ്ധരും രണ്ടുതട്ടിൽ നിൽക്കുമ്പോള്‍ ക്രിക്കറ്റ് നിയമങ്ങളുടെ കാവലാളായ എംസിസി അത് ഔട്ട് ആണെന്നാണ് ഉറപ്പിച്ച് പറയുന്നത്.

നീസര്‍ ബൗണ്ടറി വരക്കുള്ളില്‍ നിന്ന് പന്ത് പിടിച്ചശേഷം രണ്ട് മൂന്നടി മുന്നോട്ട് വെച്ചശേഷം പന്ത് വായുവിലേക്ക് ഉയര്‍ത്തിയിട്ട് ബൗണ്ടറി ലൈനിന് പുറത്തേക്ക് ചാടി. പിന്നീട് ബൗണ്ടറി ലൈനിന് പുറത്തു വെച്ച് പന്ത് പിടിച്ചാല്‍ സിക്സാവുമെന്ന് ഇരിക്കെ അവിടെ നിന്ന് വായുവില്‍ ഉയര്‍ന്നുചാടി പന്ത് കൈപ്പിടിയിലൊതുക്കിയശേഷം ഗ്രൗണ്ടിലേക്ക് ഉയര്‍ത്തിയെറിഞ്ഞ് വീണ്ടും ബൗണ്ടറി ലൈനിനുള്ളില്‍ കടന്ന് പന്ത് കൈപ്പിടിയിലൊതുക്കി. ഇതാണ് ആശയക്കുഴപ്പത്തിന് കാരണമായത്.

ബൗണ്ടറി വരയ്ക്കുള്ളിൽ വച്ചാണ് ഫീല്‍ഡര്‍ ആദ്യമായി പന്ത് തൊടുന്നതെങ്കില്‍, വരയ്ക്കപ്പുറത്ത് വച്ചും പന്ത് തട്ടാന്‍ അവകാശമുണ്ട്. ആ സമയത്ത് ശരീരഭാഗങ്ങള്‍ തറയിൽ സ്പര്‍ശിക്കരുതെന്ന് മാത്രം. 2013 ഒക്ടോബര്‍ മുതൽ നിലവിലുള്ള ഈ നിയമമാണ് നീസറിന്‍റെ ക്യാച്ച് അംപയര്‍മാര്‍ അംഗീകരിക്കാന്‍ കാരണമായത്.

കമന്‍റേറ്റര്‍മാരായി സ്റ്റേഡിയത്തിലുണ്ടായിരുന്ന മുന്‍ താരങ്ങളായ ആഡം ഗിൽക്രിസ്റ്റും മൈക്കൽ ഹസ്സിയും ആദ്യം സംശയം ഉന്നയിച്ചെങ്കിലും,  പിന്നീട് അംപയര്‍മാരുടെ തീരുമാനത്തെ പിന്തുണച്ചു. 22 പന്തില്‍ 41 റൺസുമായി തകര്‍ത്തടിച്ചിരുന്ന സിൽക്ക് വിവാദ ക്യാച്ചില്‍ പുറത്തായതോടെ 225 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിഡ്നി സിക്സേഴ്സ് 209 റണ്‍സിന് പുറത്തായി. ഇതോടെ ബ്രിസ്ബേന്‍ ഹീറ്റ്സ് 15 റൺസിന്‍റെ നാടകീയ ജയം സ്വന്തമാക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here