പാരീസ്: ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് അര്‍ജന്‍റീന കിരീടം നേടിയപ്പോള്‍ ടൂര്‍ണമെന്‍റിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗവ് പുരസ്കാരം നേടിയത് അര്‍ജന്‍റീന ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസായിരുന്നു. എന്നാല്‍ വേദിയിലെത്തി ഗോള്‍ഡന്‍ ഗ്ലൗസ് സ്വീകരിച്ചശേഷം എമിലിയാനോ മാര്‍ട്ടിനെസ് കാണിച്ച അശ്ലീലച്ചുവയുള്ള ആംഗ്യം ഏറെ വിവാദമാകുകയും ചെയ്തു. മാര്‍ട്ടിനെസിനെസിന്‍റെ അശ്ലീചച്ചുവയുള്ള ആംഗ്യത്തിനെതിരെ മുന്‍ താരങ്ങളടക്കം രംഗത്തുവരികയും ചെയ്തു.
എന്നാലിപ്പോള്‍ എമിലിയാനോ മാര്‍ട്ടിനെസിനെ അനുകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. കഴിഞ്ഞ ദിവസം പി എസ് ജി പരിശീലനകേന്ദ്രത്തില്‍ നിന്ന് എംബാപ്പെ പുറത്തുവരുമ്പോള്‍ കൈയിലൊരു ട്രോഫിയുമുണ്ടായിരുന്നു. പുറത്തെത്തിയശേഷം കാറില്‍ കയറാനൊരുങ്ങവെയാണ് മാര്‍ട്ടിനെനിസെ അനുകരിച്ച് അശ്ലീലച്ചുവയുള്ള ആംഗ്യം എംബാപ്പെയും നടത്തിയത്. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.
ലോകകപ്പില്‍ വിവാദ ആംഗ്യം കാട്ടിയത് മത്സരത്തിനിടെ ഫ്രഞ്ച് ആരാധകരുടെ കൂവലിനുള്ള മറുപടിയായിട്ടാണെന്നായിരുന്നു പിന്നീട് മാര്‍ട്ടിനെസിന്‍റെ വിശദീകരണം. എന്നാല്‍ സംഭവത്തില്‍ ഫിഫ അര്‍ജന്‍റീന ടീം പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയിരുന്നു. മാര്‍ട്ടിനെസിന്‍റെ വിവാദ ആംഗ്യത്തിലോ പിന്നീട് കിരീട ആഘോഷത്തില്‍ മാര്‍ട്ടിനെസ് തന്നെ കളിയാക്കിയതിലോ പ്രതികരിച്ച് സമയം കളയാനില്ലെന്ന് എംബാപ്പെ ലോകകപ്പിനുശേഷം പ്രതികരിച്ചിരുന്നു.
Kylian Mbappe imitating Emiliano Martinez’s Golden Glove celebration with his award 🇫🇷😭💀💀pic.twitter.com/Y4ItCU1cTW
— PSG Report (@PSG_Report) January 22, 2023
ലോകകപ്പ് നേടിയശേഷം അര്‍ജന്‍റീനയില്‍ തുറന്ന ബസില്‍ നടത്തിയ നഗരപ്രദക്ഷിണത്തിനിടെ ആരാധകരില്‍ ഒരാള്‍ നല്‍കിയ എംബാപ്പെയുടെ മുഖമുള്ള പാവയെ മാര്‍ട്ടിനെസ് താരാട്ട് പാടി ഉറക്കുന്ന ചിത്രങ്ങളും വീഡിയോയും വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. പി എസ് ജിയില്‍ എംബാപ്പെയുടെ സഹതാരമായ അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി അടുത്തു നില്‍ക്കുമ്പോഴായിരുന്നു മാര്‍ട്ടിനെസ് ഫ്രഞ്ച് സൂപ്പര്‍ താരത്തെ അപമാനിച്ചത്. ലോകകപ്പ് ഫൈനലില്‍ എംബാപ്പെ ഹാട്രിക്ക് നേടിയെങ്കിലും പെനല്‍റ്റി ഷൂട്ടൗട്ടില്‍ പ്രാന്‍സിനെ കീഴടക്കി അര്‍ജന്‍റീന കീരിടം നേടുകയായിരുന്നു.