കൊല്‍ക്കത്ത: ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ നാല് വിക്കറ്റിനോട് ജയിച്ചതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന രണ്ടാം ഏകദിനം നാല് വിക്കറ്റിന് ജയിച്ചതോടെയാണ് പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ശ്രീലങ്ക 39.4 ഓവറില്‍ 215ന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 43.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 64 റണ്‍സ് നേടിയ കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
തോല്‍വിയെ തുടര്‍ന്ന് ശ്രീലങ്കയെ തേടി ഒരു മോശം റെക്കോര്‍ഡുമെത്തി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ തോല്‍ക്കുന്ന ടീമായിരിക്കുകയാണ് ശ്രീലങ്ക. ഇന്നത്തെ തോല്‍വിയോടെ ലങ്കയുടെ അക്കൗണ്ടില്‍ 437 തോല്‍വികളായി. ഇതോടെ ഇന്ത്യ ആ നാണക്കേടില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു. ഇന്ത്യക്ക് 436 തോല്‍വികളുണ്ടായിരുന്നു. ടി20യിലും ഈ നാണക്കേട് ശ്രീലങ്കയുടെ പേരിലാണ്. ഇതുവരെ 94 ടി20 മത്സരങ്ങളില്‍ ലങ്ക പരാജയപ്പെടുകയുണ്ടായി.
ഒരു എതിരാളിയോട് മാത്രം ഏറ്റവും കൂടുതല്‍ തോല്‍വികളെന്ന മോശം റെക്കോര്‍ഡിന്റെ കാര്യത്തില്‍ ശ്രീലങ്ക ന്യൂസിലന്‍ഡിനൊപ്പമായി. ഇന്ത്യക്കെതിരെ 95 തോല്‍വികളാണ് ഏകദിനത്തില്‍ ശ്രീലങ്കയക്കുള്ളത്. ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയക്കെതിരെ 95 ഏകദിനങ്ങളില്‍ പരാജയപ്പെട്ടിട്ടുണ്ട്. ടി20യിലെ പട്ടികയെടുത്താലും ശ്രീലങ്ക തന്നെയാണ് ഒന്നാമന്‍. ഇന്ത്യക്കെതിരെ മാത്രം 19 മത്സരങ്ങളില്‍ ശ്രീലങ്ക പരാജയപ്പെട്ടു.
ഏകദിനങ്ങള്‍ക്ക് മുമ്പ് നടന്ന ടി20 പരമ്പരയില്‍ ശ്രീലങ്ക 2-1ന് പരാജയപ്പെട്ടിരുന്നു. ഏകദിന പരമ്പരയിലെ അവസാന മത്സരം ഈ ഞായറാഴ്ച്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. മത്സരങ്ങള്‍ക്കായി ഇരുടീമുകളും ശനിയാഴ്ച്ച തിരുവന്തപുരത്തെത്തും. ലങ്കയ്‌ക്കെതിരായ പരമ്പരയ്ക്ക് ശേഷം ഇന്ത്യ, ന്യൂസിലന്‍ഡിനെതിരെ കളിക്കും. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങാണ് പരമ്പരയിലുള്ളത്.