അസമിൽ ന്യൂനപക്ഷ മേഖലയിൽ കൂട്ടകുടിയൊഴിപ്പിക്കൽ; 2 ദിവസത്തിൽ ഇടിച്ചു നിരത്തിയത് 500 ഓളം വീടുകൾ

0
204

അസം: അസമിലെ കൂട്ടകുടിയൊഴിപ്പിക്കലിൽ പ്രതിഷേധം ശക്തമാകുന്നു. ന്യൂനപക്ഷങ്ങൾ താമസിക്കുന്ന ലഖിംപൂർ ജില്ലയിലാണ് ബുൾഡോസർ ഉപയോഗിച്ചുള്ള കുടിയൊഴിപ്പിക്കൽ. സംരക്ഷിത വനമേഖല കൈയേറിയെന്നു ആരോപിച്ചാണ് കുടിയൊഴിപ്പിക്കൽ തുടരുന്നത്.

മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങൾ ലക്ഷ്യമിട്ടാണ് ബുൾഡോസറുകൾ എത്തിയത്. മൊഗുലി ഗ്രാമത്തിലെ 201 കുടുംബങ്ങളെയാണ് ഒറ്റയടിക്ക് ഒഴിപ്പിച്ചത്. പാവ സംരക്ഷിത വനമേഖലയിലെ 200 ഏക്കറാണ് ആദ്യ ദിനം കുടിയൊഴിപ്പിക്കൽ നടത്തിയത്. രണ്ടാം ദിനത്തിൽ 250 ഏക്കർ പ്രദേശത്ത് നിന്നും 299 കുടുംബങ്ങളെ ഇറക്കിവിട്ടു. വീട്ടുപകരണങ്ങളോ ആവശ്യസാധനങ്ങളോ എടുക്കാൻ അനുവദിക്കാതെ കൂട്ട കുടിയൊഴിപ്പിക്കലാണ് നടത്തിയതെന്നു ഇരയായവർ പറയുന്നു. ഇവരുടെ കാർഷിക വിളകളും നശിപ്പിച്ചു . വിളവെടുക്കാറായ കാബേജ്, കോളിഫ്‌ലവർ, വഴുതന എന്നിവ കൂട്ടത്തോടെ നശിപ്പിച്ചു. മത്സ്യങ്ങളെ വളർത്തിയ ചെറിയകുളങ്ങൾ മണ്ണിട്ട് മൂടി.

അധസോണാ ഗ്രാമത്തിൽ മാത്രം 70 ബുൾഡോസറുകളിലാണ് ഇറക്കിയത്. ഇത് കൂടാതെ ട്രാക്ടറുകളും മറ്റുവാഹനങ്ങളും എത്തിച്ചിരുന്നു. 600 സിആർപിഎഫ് ഭടന്മാരും 200 അംഗ പൊലീസ് സേനയും കുടിയൊഴിപ്പിക്കലിന് എത്തി. 28 വർഷമായി ആളുകൾ താമസിക്കുന്ന വീടുകളാണ് ഇടിച്ചു നിരത്തിയത്. കഴിഞ്ഞ 7 വർഷമായി കുടിയൊഴിപ്പിക്കാൻ നോട്ടീസ് നൽകാറുണ്ടെന്നു അധികൃതർ പറയുന്നു. മനുഷ്യത്വ രഹിതവും ഏകപക്ഷീയവുമായ നടപടിയാണ് ബിജെപി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഓൾ ആസാം മൈനോറിറ്റി സ്റ്റുഡന്റസ് യൂണിയൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here