Wednesday, January 22, 2025
Home Latest news മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം; അപ്പീല്‍ സുപ്രീം കോടതി പരിശോധിക്കും

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം; അപ്പീല്‍ സുപ്രീം കോടതി പരിശോധിക്കും

0
204

ഡൽഹി: പതിനഞ്ചു വയസ്സായ മുസ്ലിം പെൺകുട്ടിക്കു സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്ന പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധിക്കെതിരെ ദേശീയ ബാലാവകാശ കമ്മിഷൻ നൽകിയ അപ്പീൽ സുപ്രീം കോടതി പരിഗണിക്കും. ഹർജിയിൽ പഞ്ചാബ് സർക്കാരിനും മറ്റു കക്ഷികൾക്കും നോട്ടീസ് അയയ്ക്കാൻ സുപ്രീം കോടതി നിർദേശിച്ചു. സീനിയർ അഡ്വക്കേറ്റ് രാജശേഖർ റാവുവിനെ അമിക്കസ് ക്യൂരിയായി നിയമിക്കാനും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തിരുമാനിച്ചു.

പുതിയ ഉത്തരവ് ഉണ്ടാവുന്നതു വരെ ഹൈക്കോടതി വിധി മറ്റു കേസുകൾക്ക് ആധാരമാക്കരുതെന്ന് ബെഞ്ച് നിർദേശിച്ചു.

പതിനാലും പതിനഞ്ചും പതിനാറും വയസ്സുള്ള പെൺകുട്ടികൾ വിവാഹിതരാവുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഇതിനെ വ്യക്തിനിയമം വച്ച് സാധൂകരിക്കാനാവില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ക്രിമിനൽ കുറ്റത്തിന് പ്രതിരോധം തീർക്കാൻ വ്യക്തിനിയമത്തെ ഉപയോഗപ്പെടുത്താനാവില്ലെന്ന് മേത്ത പറഞ്ഞു.

പതിനാറുകാരിയായ ഭാര്യയെ വിട്ടുകിട്ടണെന്ന് ആവശ്യപ്പെട്ട് 26 വയസ്സുള്ള യുവാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ്, ഹൈക്കോടതിയുടെ വിവാദ വിധിയുണ്ടായത്. സ്വമനസ്സാലെ യുവാവിനെ വിവാഹം കഴിച്ചതാണെന്ന് പെൺകുട്ടി കോടതിയെ അറിയിച്ചു. മുസ്ലിം വ്യക്തിനിയമപ്രകാരം പതിനഞ്ചു വയസ്സായ പെൺകുട്ടിക്കു സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇത്തരത്തിലുള്ള വിവാഹം ശൈശവ വിവാഹ നിരോധന നിയമപ്രകാരം അസാധുവാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here