മറ്റൊരു കാമുകിക്കൊപ്പം പുതുവത്സരമാഘോഷിക്കണം, തന്നെ തട്ടിക്കൊണ്ടുപോയി എന്ന് യുവാവ് ‘ഒറിജിനൽ’ കാമുകിയോട്

0
175

മിക്കവർക്കും സ്പെഷ്യൽ ദിവസങ്ങൾ തങ്ങൾ സ്നേഹിക്കുന്നവരോടൊപ്പം ആഘോഷിക്കാനായിരിക്കും ഇഷ്ടം. അതിൽ പ്രത്യേകിച്ച് തർക്കം ഒന്നുമില്ല. എന്നാൽ, ഇവിടെ ഒരു യുവാവ് മറ്റൊരു പെൺകുട്ടിയോടൊപ്പം പുതുവത്സരം ആഘോഷിക്കുന്നതിന് വേണ്ടി തന്നെ തട്ടിക്കൊണ്ടു പോയിരിക്കുകയാണ് എന്ന് തന്റെ കാമുകിയെ ധരിപ്പിച്ചു.

ഒരു ഓസ്ട്രേലിയൻ യുവാവാണ് ഈ തട്ടിക്കൊണ്ടുപോകൽ നാടകം സൃഷ്ടിച്ചെടുത്തത്. അയാൾ പുതുവത്സരം തന്റെ കാമുകിക്കൊപ്പം ആഘോഷിക്കാൻ ഇഷ്ടപ്പെട്ടില്ല. പകരം താൻ സ്നേഹിക്കുന്ന മറ്റൊരു സ്ത്രീക്കൊപ്പം ആഘോഷിക്കാനായിരുന്നു ഇയാളുടെ ആ​ഗ്രഹം. അതോട് കൂടിയാണ് വ്യത്യസ്തമായ ഈ ഐഡിയയുമായി ഇയാൾ മുന്നോട്ട് പോയത്.

തന്റെ ബിസിനസിൽ പണമിറക്കുന്ന ആളെ കാണാൻ പോകുന്നു എന്ന് പങ്കാളിയോട് പറഞ്ഞാണ് ഡിസംബർ 31 -ന് പോൾ ഇയേറ എന്ന 35 -കാരൻ വീട്ടിൽ നിന്നും ഇറങ്ങിയത്. പോൾ വീട്ടിൽ നിന്നുമിറങ്ങി അധികം വൈകാതെ അയാളുടെ കാമുകിക്ക് ഒരു മെസേജ് വന്നു. തന്നെ ഒരു ലൈം​ഗിക തൊഴിലാളി തട്ടിക്കൊണ്ടുപോയി എന്നായിരുന്നു പോൾ കാമുകിക്ക് അയച്ച മെസ്സേജ്. ഉടൻ തന്നെ കാമുകി പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് ഉടൻ തന്നെ സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചു. അതിൽ, ഒരു ബാ​ഗുമായി പോൾ രാത്രിയിൽ മറ്റൊരു കാമുകിയുടെ വീട്ടിലേക്ക് പോകുന്നത് കാണാമായിരുന്നു. പൊലീസിൽ പരാതി നൽകിയതൊന്നും അറിയാതെ പോൾ പിറ്റേന്ന് പിതാവിനെ വിളിച്ചു. തട്ടിക്കൊണ്ടുപോയവർ തന്നെ വഴിയിൽ തന്റെ കാറിൽ ഉപേക്ഷിച്ചു എന്നായിരുന്നു പറഞ്ഞത്.

എന്നാൽ, സിസിടിവി ദൃശ്യങ്ങളിൽ പ്രസ്തുത കാമുകി ഇയാളുമായി പുറത്തേക്ക് പോകുന്നത് കാണാം. പിന്നീട്, കാറിനടുത്ത് ഇയാളെ ആക്കിയ ശേഷം കാമുകി തിരികെ വന്നു. ഏതായാലും കോൾ ലിസ്റ്റും മറ്റും പരിശോധിച്ചതിൽ നിന്നും പോൾ കള്ളം പറയുകയാണ് എന്ന് പൊലീസ് കണ്ടെത്തി. ന്യൂ സൗത്ത് വെയിൽസ് പൊലീസ് തങ്ങളുടെ സമയവും പണവും അനാവശ്യമായി ചെലവാക്കേണ്ടി വന്നതിൽ പോളിനെ കുറ്റപ്പെടുത്തുകയും ചെയ്തു.

ഏതായാലും, അയാളുടെ ‘ഒറിജിനൽ’ കാമുകി ഇതെല്ലാം അറിഞ്ഞ് അയാളെ ഉപേക്ഷിച്ചോ എന്നതൊന്നും വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here