സഹയാത്രക്കാരിയുടെ ചെരുപ്പ് കുരങ്ങൻ തട്ടിയെടുത്ത് ട്രെയിനിന് മുകളിൽ കൊണ്ടുവച്ചു; എടുക്കാൻ മുകളിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു

0
194

ആഗ്ര: റെയിൽവേയുടെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ നിന്ന് ഫറൂഖാബാദിലേയ്ക്ക് പോവുകയായിരുന്ന ട്രെയിനിലാണ് സംഭവം. സഹയാത്രികയുടെ ചെരുപ്പ് കുരങ്ങൻ തട്ടിയെടുത്തതിനെ തുടർന്ന് അത് തിരികെ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അശോക് എന്നയാൾ അപകടത്തിൽപ്പെട്ടത്.

പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ടിരിക്കുന്ന ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ ചെരുപ്പ് കുരങ്ങൻ തട്ടിയെടുത്തു. തുടർന്ന് ഈ ചെരിപ്പുമായി ട്രെയിനിന്റെ കമ്പാർട്ടുമെന്റിലേക്കും പിന്നാലെ കോച്ചിന് മുകളിലേക്കും കുരങ്ങൻ ഓടിക്കയറി. എന്നാൽ യാത്രക്കാർ ബഹളം വച്ചതോടെ കുരങ്ങൻ ചെരുപ്പ് ഉപേക്ഷിച്ച് ഓടി. ശേഷം ഈ ചെരുപ്പ് എടുക്കാനായി ട്രെയിനിന് മുകളിൽ കയറിയ യുവാവിന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. യാത്രക്കാരുടെ നിലവിളി കേട്ട് സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. വൈദ്യുതി ബന്ധം വിച്ഛേദിച്ചെങ്കിലും യുവാവ് മരണപ്പെട്ടിരുന്നു.

വിവരം അറിഞ്ഞയുടൻ പൊലീസും റെയിൽവേ അധികൃതരും സ്ഥലത്തെത്തി മൃതദേഹം താഴെയിറക്കി. കോച്ചിന് മുകളിൽ കയറിയ യുവാവ് അബദ്ധത്തിൽ വൈദ്യുത കമ്പിയിൽ തട്ടിയതാണെന്ന് സ്റ്റേഷൻ മാസ്റ്റർ മനോജ് ശർമ്മ പറഞ്ഞു. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here