കുടുംബങ്ങളിൽ ആശ്രിതർ ഏറുന്നു; തദ്ദേശ ഫണ്ട് ചെലവിടൽ രീതി മാറും

0
198

തിരുവനന്തപുരം ∙ സംസ്ഥാനത്ത് വിദ്യാഭ്യാസമുള്ളവരുടെ തൊഴിലില്ലായ്മ വർധിക്കുകയും തൊഴിലെടുക്കുന്നവരുടെ മേൽ പ്രായമായവരുടെയും തൊഴിൽരഹിതരുടെയും ആശ്രിതത്വം വർധിക്കുകയും ചെയ്തതിനാൽ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവിടൽ മുൻഗണനാക്രമത്തിൽ സർക്കാർ മാറ്റം വരുത്തുന്നു. പശ്ചാത്തല, ക്ഷേമ മേഖലകളിലേക്കാൾ ഉൽപാദന മേഖലയിൽ കൂടുതൽ ചെലവിട്ടു സംരംഭങ്ങളും തൊഴിലവസരവും വർധിപ്പിക്കേണ്ടതുണ്ട് എന്ന വിലയിരുത്തലിലാണു നടപടി. ഇതിനായി തദ്ദേശ സ്ഥാപനങ്ങൾക്കായി പ്രാദേശിക സാമ്പത്തിക വികസന പദ്ധതിയുടെ മാർഗരേഖകൾ സർക്കാർ തയാറാക്കി.

കേന്ദ്ര സർക്കാരിന്റെ ഒടുവിലത്തെ തൊഴിൽസേന റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് 60 വയസ്സിനു മുകളിൽ പ്രായം ഉള്ളവരുടെ ശതമാനം (16.5%) ദേശീയ ശരാശരിയെക്കാൾ മുന്നിലാണ്. 2031 ആകുമ്പോഴേക്കും ഇത് 20.9 ആകും. തൊഴിൽസേനയുടെ വലുപ്പം താരതമ്യേന ഇനിയും കുറയുകയും തൊഴിലെടുക്കുന്നവരെ ആശ്രയിച്ച് ജീവിക്കുന്നവരുടേത് ഗണ്യമായി കൂടുകയും ചെയ്യും. സ്ത്രീകളുടെ പങ്കാളിത്ത നിരക്കിലെ (31.5%) കുറവ് ആണ് സംസ്ഥാനം നേരിടുന്ന മറ്റൊരു പ്രശ്നം.

പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി പ്രാദേശിക സാമ്പത്തിക വികസന പദ്ധതിയിൽ സംരംഭങ്ങളും തൊഴിലും സൃഷ്ടിക്കാൻ ഉള്ള പദ്ധതികൾക്ക് കൂടുതൽ പണം ചെലവിടാൻ തദ്ദേശ സ്ഥാപനങ്ങൾക്കു നിർദേശം നൽകുന്നതാണു മാർഗരേഖ.

∙ഫണ്ട് നൽകൽ ഇങ്ങനെ 

നിലവിൽ വ്യക്തിപരവും ഗ്രൂപ്പ് തലത്തിലും അധിഷ്ഠിതമായ തൊഴിൽ സംരംഭങ്ങൾക്കു സബ്സിഡി നൽകൽ, റിവോൾവിങ് ഫണ്ട് എന്നിവയാണു തദ്ദേശ സ്ഥാപനങ്ങൾ നൽകി വന്നിരുന്നത്.

∙ഇനി മുതൽ സംരംഭകർ സ്വന്തം മുതൽമുടക്കിൽ ആരംഭിക്കുന്ന പുതിയ സംരംഭങ്ങൾക്ക്  പ്രായവും വരുമാന പരിധിയും നോക്കാതെ സേവനം, ഭൂമി, കെട്ടിടം, അടിസ്ഥാനസൗകര്യങ്ങൾ, പലിശ സബ്സിഡിയിലൂടെയും മറ്റും പ്രോത്സാഹനം, സാങ്കേതികത കൈവരിക്കാനുള്ള ധനസഹായം (ടെക്നോളജി ഫണ്ട്), ഇന്നവേഷൻ ഫണ്ട്, പുതുസംരംഭങ്ങളെ ആദ്യഘട്ടത്തിൽ പരിരക്ഷിക്കാനുള്ള ഇൻക്യുബേഷൻ ഫണ്ട്, അടിസ്ഥാന മുതൽമുടക്കിന് ഉള്ള ധനസഹായം (സീഡ് ഫണ്ടിങ്),  റിവൈവൽ ഫണ്ട്, ക്രൈസിസ് മാനേജ്മെന്റ് ഫണ്ട് തുടങ്ങിയവ നൽകും.

ബാങ്ക് വായ്പയ്ക്കുള്ള പലിശ സബ്സിഡി എല്ലാ തലങ്ങളിലെ തദ്ദേശ സ്ഥാപനങ്ങൾക്കും നൽകാം. ഗ്രാമപ്പഞ്ചായത്തുകൾക്ക് 10 ലക്ഷം രൂപ വരെ, ബ്ലോക്ക് പഞ്ചായത്തുകളിൽ 20 ലക്ഷം രൂപ വരെ, 20 ലക്ഷം രൂപയ്ക്ക് മുകളിൽ ഉള്ളവ ജില്ലാ പഞ്ചായത്തുകൾക്ക് എന്ന തരത്തിൽ പലിശ സബ്സിഡി അപേക്ഷ നൽകാം.

LEAVE A REPLY

Please enter your comment!
Please enter your name here