‘വേവിച്ച ചോറിൽ എപ്പോഴും രുചി വ്യത്യാസം’; ഒടുവിൽ ‘കാരണം’ കണ്ടെത്തിയപ്പോൾ…

0
403

ഭക്ഷണം പാകം ചെയ്യുമ്പോൾ നാമെപ്പോഴും ശുചിത്വത്തിനും ഗുണമേന്മയ്ക്കുമാണ് ഏറെ പ്രാധാന്യം നൽകാറ്. ആരോഗ്യത്തെ മുൻനിർത്തി തന്നെയാണ് ഇത്തരം കാര്യങ്ങളിൽ നാം ജാഗ്രത പാലിക്കുന്നത്. എന്നാൽ ചിലപ്പോഴെങ്കിലും ഈ വിഷയങ്ങളിലെല്ലാം നമുക്ക് ചെറിയ അശ്രദ്ധകളോ അബദ്ധങ്ങളോ സംഭവിക്കാം.

എന്നാൽ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒരിക്കലും സംഭവിച്ചുകൂടാത്ത, ഒട്ടും ഉൾക്കൊള്ളാൻ പോലും സാധിക്കാത്ത തരത്തിലുള്ളൊരു അബദ്ധത്തെ കുറിച്ച് പങ്കുവച്ചിരിക്കുകയാണ് ഒരു സോഷ്യൽ മീഡിയ പേജ്. ഇത് യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണോ അല്ലയോ എന്നത് വ്യക്തമല്ല.

പക്ഷേ വ്യാപകമായ രീതിയിലാണ് ഈ സംഭവത്തിന് ശ്രദ്ധ ലഭിക്കുന്നത്. വിവിധ സോഷ്യൽ മീഡിയ പേജുകളിൽ ചിത്രങ്ങൾ സഹിതം ഇതിന്‍റെ വിശദാംശങ്ങൾ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയാണ്.

ചോറ് വേവിക്കാൻ ഉപയോഗിക്കുന്ന ‘സ്ലോ കുക്കറി’നകത്ത് കണ്ടെത്തിയ വിചിത്രമായ കാഴ്ചയാണ് ചിത്രങ്ങളിൽ കാണിക്കുന്നത്. എപ്പോഴും ചോറ് വേവിക്കുമ്പോൾ അതിന് വ്യത്യസ്തമായൊരു രുചി ലഭിക്കാറുണ്ടെന്നും, ഫ്രൈ ചെയ്ത ഒരു ഫ്ളേവറാണ് അനുഭവപ്പെടാറ് എന്നും ചിത്രത്തിനൊപ്പമുള്ള അടിക്കുറിപ്പിൽ പറയുന്നു.

മെയിന്‍റനൻസിന് വേണ്ടി കുക്കർ അഴിച്ചപ്പോൾ ഇതിനകത്ത് കണ്ട കാഴ്ചയാണ് ചിത്രങ്ങളിലുള്ളത്. ഒറ്റനോട്ടത്തിൽ ഇതെന്താണെന്ന് മനസിലാക്കാൻ തന്നെ പ്രയാസം തോന്നാം. സംഗതി പല്ലികൾ അകത്തുപെട്ട് ചൂടുകൊണ്ട് കരിഞ്ഞുപോയിരിക്കുകയാണ്.

കുക്കറിന്‍റെ താഴ്ഭാഗത്ത് പെട്ടുപോയ പല്ലികൾ കറണ്ടിന്‍റെ ചൂടുകൊണ്ട് ചത്തുപോയതാകാം. ഒന്നോ രണ്ടോ അല്ല, ഒരുപാട് പല്ലികളെ ഇത്തരത്തിൽ കുക്കറിനകത്ത് നിന്ന് നീക്കം ചെയ്ത് വേറെയിട്ടിരിക്കുന്നത് ചിത്രത്തിൽ കാണാം.

ഇവ കരിഞ്ഞുപോകുന്നത് കൊണ്ടാണ് ചോറിന് ഫ്രൈഡ് ഫ്ളേവർ വന്നതെന്നാണ് അവകാശവാദം. സംഭവം മനസിലാക്കിയ ശേഷം ചിത്രങ്ങളിലേക്ക് നോക്കാൻ പോലും സാധിക്കുന്നില്ലെന്നാണ് മിക്കവരും കമന്‍റുകളിലൂടെ പറയുന്നത്. എങ്കിലും ഇവ വലിയ രീതിയിൽ പങ്കുവയ്ക്കപ്പെടുന്നുണ്ടെന്ന കാര്യത്തിൽ സംശയവുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here