മെസിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍; പിഎസ്ജി ഇന്ന് സൗദി ഓള്‍സ്റ്റാര്‍ ടീമിനെതിരെ

0
180

റിയാദ്: ഇന്ന് വീണ്ടും ലിയോണല്‍ മെസി- ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേര്‍ക്കുനേര്‍ പോര്. പിഎസ്ജി സൗഹൃദ മത്സരത്തില്‍, സൗദി ഓള്‍സ്റ്റാര്‍ ടീമിനെ നേരിടും. രാത്രി പത്തരയ്ക്കാണ് മത്സരം. ലാ ലിഗയെയും ചാംപ്യന്‍സ് ലീഗിനെയും ചൂട് പിടിപ്പിച്ച എല്‍ ക്ലാസിക്കോ ദിനങ്ങളെ ഓര്‍മിപ്പിക്കാന്‍ ഒരിക്കല്‍ കൂടി സൂപ്പര്‍താരങ്ങള്‍ നേര്‍ക്കുനേര്‍. പിഎസ്ജി കുപ്പായത്തില്‍ മെസി ഇറങ്ങുമ്പോള്‍ സൗദി അറേബ്യയുടെ അഭിമാനപ്പോരാട്ടത്തില്‍ അല്‍ നസ്ര്‍, അല്‍ ഹിലാല്‍ ക്ലബ്ബുകളുടെ സംയുക്തടീമിന്റെ നായകനായാണ് റോണാള്‍ഡോ കളത്തിലെത്തുക.

1700 കോടിയിലേറെ രൂപയ്ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് അല്‍ നസ്‌റിലെത്തിയ റോണോ ആദ്യമായാണ് സൗദിയില്‍ കളിക്കാനിറങ്ങുന്നത്. ഔദ്യോഗികമായി 22നാണ് അല്‍ നസ്‌റിനായി കളിക്കുക. അതിന് മുമ്പ് സഹതാരങ്ങള്‍ക്കൊപ്പം ആരാധകര്‍ക്ക് മുന്നില്‍ പന്തുതട്ടാനുള്ള അവസരം. ഫ്രഞ്ച് ലീഗില്‍ റെന്നസിനോട് തോറ്റാണ് പിഎസ്ജിയുടെ വമ്പന്‍ താരനിര റിയാദിലെത്തിയിരിക്കുന്നത്. എംബപ്പെ, നെയ്മര്‍, സെര്‍ജിയോ റാമോസ്, മാര്‍ക്വീഞ്ഞോസ് തുടങ്ങി പിഎസ്ജിയുടെ മിന്നുംതാരങ്ങളെല്ലാം മെസിക്കൊപ്പമുണ്ട്.

ഖത്തറില്‍ അര്‍ജന്റീനയ്‌ക്കൊപ്പം കിരീടമുയര്‍ത്തിയ മെസി ഒരിക്കല്‍ കൂടി അറബ് മണ്ണില്‍ കളിക്കാനെത്തുന്നുവെന്നതും ശ്രദ്ധേയം. 2020 ചാംപ്യന്‍സ് ലീഗിലാണ് അവസാനമായി മെസിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വന്നത്. അന്ന് റൊണാള്‍ഡോയുടെ യുവന്റസ്, മെസിയുടെ ബാഴ്‌സലോണയെ 3-0ന് തോല്‍പ്പിച്ചിരുന്നു. ആകെ മത്സരങ്ങളില്‍ 16 ജയവുമായി മെസിയാണ് മുന്നില്‍. 11 കളികളില്‍ റൊണാള്‍ഡോയുടെ ടീമും ജയിച്ചു.

ചാരിറ്റി മത്സരമായതിനാല്‍ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അവസരം നല്‍കുന്ന പ്രത്യേക ടിക്കറ്റ് ഒരു ആരാധകന്‍ ലേലത്തില്‍ സ്വന്തമാക്കിയത് 21 കോടി രൂപയ്ക്കാണ്. സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനല്‍ വേദിയായതിനൊപ്പം റൊണാള്‍ഡോയുടെ വരവും സൗദിയെ ഫുട്‌ബോള്‍ ലോകത്ത് സജീവചര്‍ച്ചയാക്കുന്നുണ്ട്. പ്രീമിയര്‍ ലീഗിലും ക്ലബ്ബ് ഏറ്റെടുത്ത സൗദി 2030 ലോകകപ്പ് ആതിഥേയത്വമാണ് ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here