ഒരു ചെറു പുഞ്ചിരിയുമായി റൊണാള്‍ഡോക്കു നേരെ മെസിയുടെ നോട്ടം; ഏറ്റെടുത്ത് ആരാധകര്‍

0
174

റിയാദ്: സൗദി ഓള്‍ സ്റ്റാര്‍ ഇലവനും പി എസ് ജിയും തമ്മിലുള്ള സൗഹൃദപ്പോരാട്ടം ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ലിയോണല്‍ മെസിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമെന്ന നിലയില്‍ കൂടി ശ്രദ്ധേയമായിരുന്നു.മത്സരത്തിന് മുമ്പ് റൊണാള്‍ഡോയും മെസിയും പരസ്പരം കൈകൊടുത്ത് സൗഹൃദം പുതുക്കിയപ്പോള്‍ മത്സരത്തില്‍ ഇരുരും നേര്‍ക്കുനേര്‍വന്ന ഓരോ നിമിഷവും ആരാധകര്‍ ആസ്വദിച്ചു.

മത്സരത്തില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്ന അത്തരമൊരു നിമിഷമാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. റൊണാള്‍ഡോയെ സ്നേഹത്തോടെ നോക്കുന്ന മെസിയുടെ ചിത്രമാണ് ആരാധകരുടെ ഹൃദയം തൊട്ടത്. എന്നാല്‍ മെസിയുടെ നോട്ടം ശ്രദ്ധയില്‍പെടാതിരുന്ന റൊണാള്‍ഡോ നടന്നു നീങ്ങുകയും ചെയ്തു. എതിരാളികള്‍ക്ക് പോലും മെസി നല്‍കുന്ന ബഹുമാനത്തിന് തെളിവാണിതെന്ന് മെസി ആരാധകര്‍ പറയുന്നു.

എന്നാല്‍ മെസി നോക്കിയത് റൊണാള്‍ഡോയെ അല്ലെന്നാണ് ചിലര്‍ പറയുന്നത്. ക്യാമറ ആംഗിള്‍ കൊണ്ട് മെസി റൊണാള്‍ഡോയെ നോക്കുന്നതാണെന്ന് തോന്നുന്നതാണെന്നും ചുവപ്പു കാര്‍ഡ് കണ്ട പി എസ് ജി താരം ജവുവാന്‍ ബെര്‍ണറ്റിന്‍റെ ഫൗള്‍ ബിഗ് സ്ക്രീനില്‍ റീപ്ലേ കാണിച്ചപ്പോള്‍ മെസി നോക്കുന്നതാണെന്നുമാണ് മറ്റ് ചിലരുടെ വാദം. അതെന്തായാലും മെസിയുടെ നോട്ടം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

ലോകകപ്പ് ഫുട്ബോളിന് തൊട്ടു മുമ്പ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട റൊണാള്‍ഡോ റെക്കോര്‍ഡ് തുകക്കാണ് സൗദി ക്ലബ്ബായ അല്‍ നസ്റിലെത്തിയത്. രണ്ടരവര്‍ഷത്തേക്കാണ് അല്‍ നസ്റുമായി റൊണാള്‍ഡോ കരാറൊപ്പിട്ടത്.അല്‍ നസ്റിന്‍റെയും മറ്റൊരു സൗദി ക്ലബ്ബായ അല്‍ ഹിലാലിന്‍റെയും കളിക്കാര്‍ ഉള്‍പ്പെട്ട സംയുക്ത ഇലവനായിരുന്നു കഴിഞ്ഞ ദിവസം പി എസ് ജിയുമായി സൗഹൃദ മത്സരം കളിച്ചത്. സൗദി ക്ലബ്ബുമായി കരാറൊപ്പിട്ടശേഷം റൊണാള്‍ഡോയുടെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്.മത്സരത്തില്‍ പി എസ് ജി 5-4ന് ജയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here