ചിലപ്പോൾ നമ്മൾ അയക്കുന്ന ചില പാഴ്സലുകളൊക്കെ കിട്ടാൻ വൈകാറുണ്ട്. അതൊരു പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാലും എത്ര വൈകും? വൈകുന്നതിനൊക്കെ ഒരു കണക്കില്ലേ? എന്നാൽ, ഒരു കത്ത് എത്താൻ വൈകിയത് എത്ര ദിവസമാണ് എന്നോ? ഒന്നോ രണ്ടോ ദിവസമോ, ഒന്നോ രണ്ടോ ആഴ്ചയോ, ഒന്നോ രണ്ടോ മാസമോ എന്തിന് ഒന്നോ രണ്ടോ വർഷം പോലുമല്ല. നീണ്ട 27 വർഷമാണ് കത്ത് എത്താൻ വൈകിയത്.
ജനുവരി 13 -ന് രാവിലെ തന്റെ പോസ്റ്റ് ബോക്സ് പരിശോധിക്കുകയായിരുന്നു ജോൺ റെയിൻബോ. അപ്പോഴാണ് വളരെ പഴയ കാലത്ത് നിന്നുമുള്ള ഒരു കത്ത് അതിൽ കിടക്കുന്നത് കണ്ടത്. ആ കത്ത് എഴുതിയ കാലത്ത് ആളുകൾക്ക് പരസ്പരം ആശയവിനിമയം നടത്താനുണ്ടായിരുന്ന പ്രധാന ഉപാധി എഴുത്തെഴുതുകയോ ഫോൺ വിളിക്കുകയോ ആയിരുന്നു. ജോൺ റെയിൻബോ കണ്ടെത്തിയ കത്ത് 1995 -ലേതായിരുന്നു.
ഇംഗ്ലണ്ടിലെ സോമർസെറ്റിലെ ബ്രിഡ്ജ്‌വാട്ടറിൽ നിന്ന് 1995 ഓഗസ്റ്റിലാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് കൂടുതൽ പരിശോധനകളിൽ വ്യക്തമായി. അതുപോലെ ആ കത്ത് ജോണിന് ഉള്ളതുമായിരുന്നില്ല. അവിടെ നേരത്തെ താമസിച്ചിരുന്ന ആളിനുള്ളതായിരുന്നു കത്ത്.
കത്ത് തുറന്ന് വായിച്ചപ്പോൾ ആദ്യം ജോൺ അമ്പരന്നു. എന്നാൽ, അതിലെ തീയതി പരിശോധിച്ചപ്പോഴാണ് കത്തിന് 27 വർഷം പഴക്കമുണ്ട് എന്ന് മനസിലാവുന്നത്. എന്നാലും ഇത്രയും വർഷത്തിന് ശേഷം ആ കത്ത് പെട്ടെന്ന് പ്രത്യക്ഷപ്പെടാൻ എന്തായിരിക്കും കാരണം എന്നതായിരുന്നു ജോണിന്റെ അമ്പരപ്പ്.
ആ കത്തിൽ എഴുതിയിട്ടുണ്ടായിരുന്നത് കത്തെഴുതിയിരിക്കുന്നവരുടെ വിശേഷങ്ങളും മറ്റുമാണ്. എന്നാൽ, കത്തിന്റെ യഥാർത്ഥ അവകാശിയായ അവിടെ നേരത്തെ താമസിച്ചിരുന്ന ആളുമായി ജോണിനും കുടുംബത്തിനുമാണെങ്കിൽ യാതൊരു പരിചയവും ഇല്ലായിരുന്നു.
ഏതായാലും ഒരുപാട് അന്വേഷണത്തിന് ഒടുവിൽ കത്തിന്റെ യഥാർത്ഥ അവകാശികളെ കുറിച്ച് ജോണിനും കുടുംബത്തിനും വിവരം ലഭിച്ചു. എന്നാൽ, ആരുടെ പേരിലാണോ കത്ത് അയച്ചത് അയാൾ മരിച്ചുപോയി എന്നാണ് ജോണിന് കിട്ടിയ വിവരം.