ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള കേസ് തീർപ്പാക്കി രാജ്യത്തെ ഏറ്റവും പഴക്കമുള്ള ഹൈക്കോടതി . 1951ൽ ഫയൽ ചെയ്ത കേസാണ് 72 വർഷങ്ങൾക്കിപ്പുറം തീർപ്പാക്കിയിരിക്കുന്നത്. ബെർഹാംപോർ ബാങ്ക് ലിമിറ്റഡിൻ്റെ പ്രവർത്തനം അവസാനിപ്പിച്ച് ആസ്തി പണമാക്കി മാറ്റുന്ന കേസാണ് കൊൽക്കത്ത ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ തീർപ്പാക്കിയിരിക്കുന്നത്. ഇനി രാജ്യത്ത് തീർപ്പാക്കാൻ ഉള്ള പഴക്കം ചെന്ന 5 കേസുകളിൽ രണ്ടെണ്ണം കൂടി ബെർഹാംപോർ ബാങ്കുമായി ബന്ധപ്പെട്ടുള്ളതാണ്. 1952 ൽ ഫയൽ ചെയ്ത കേസുകളാണിവ.
ബാക്കിയുള്ള മൂന്ന് കേസുകളിൽ രണ്ടെണ്ണം ബംഗാളിലെ മാൾഡയിലെ സിവിൽ കോടതികളിൽ വാദം കേൾക്കുന്ന സിവിൽ സ്യൂട്ടുകളും, ഒരെണ്ണം മദ്രാസ് ഹൈക്കോടതിയിൽ വാദം കേൾക്കാൻ ബാക്കി കിടക്കുന്ന കേസുമാണ്. മാർച്ച്, നവംബർ മാസങ്ങളിലായി മിച്ചമുള്ള ഈ കേസുകളും തീർപ്പാക്കാനുള്ള തീരുമാനത്തിലാണ് മാൾഡ കോടതി. രാജ്യത്തെ കോടതികളിൽ ജനുവരി 9 വരെ കേട്ട കേസുകളിൽ ഏറ്റവും പഴക്കം ചെന്ന കേസാണ് ബെർഹാംപോർ കേസെന്ന് നാഷണൽ ജുഡീഷ്യൽ ഗ്രിഡിൽ പരാമർശിക്കുന്നുണ്ട്.
1948 നവംബർ 19-ന് കൊൽക്കത്ത കോടതിയുടെ ഉത്തരവിലൂടെയാണ് കേസിന്റെ ആരംഭം. ബാങ്കിന്റെ പ്രവർത്തന നടപടികൾ നിർത്തിക്കൊണ്ടുള്ള ഒരു ഹർജി 1951 ജനുവരി 1 ന് ഫയൽ ചെയ്തിരുന്നു.അങ്ങനെയാണ് 71/1951 നമ്പറിൽ ബെർഹാംപോർ ബാങ്ക് ലിമിറ്റഡ് കേസ് രജിസ്റ്റർ ചെയ്യുന്നത്. കടം നൽകിയവരിൽ നിന്ന് പണം തിരികെ ലഭിക്കാത്തതിനാൽ ബാങ്ക് തകർച്ചയിൽ പെടുകയായിരുന്നു. ബാങ്കിന്റെ പ്രവർത്തന നടപടികൾ ചോദ്യം ചെയ്ത് കൊണ്ടുള്ള ഹർജികൾ കഴിഞ്ഞ സെപ്റ്റംബറിൽ രണ്ട് തവണ കോടതി വിളിച്ചെങ്കിലും ആരും ഹാജരായില്ല. കേസ് 2006 ൽ തീർപ്പാക്കിയതായി അസിസ്റ്റന്റ് ലിക്വിഡേറ്റർ സെപ്റ്റംബർ 19 നു കോടതിയെ അറിയിച്ചു. എന്നാൽ ഇത് രേഖകളിൽ ഇല്ലെന്ന് തെളിഞ്ഞതിനാൽ കേസ് വീണ്ടും തുടരുകയായിരുന്നു.