പുരുഷന്മാരെ മറികടന്ന് സ്ത്രീകൾ; ലീഗിന് സംസ്ഥാനത്ത് 24.33 ലക്ഷം അംഗങ്ങൾ

0
346

മലപ്പുറം: സംസ്ഥാന മുസ്‌ലിംലീഗിന്റെ മെമ്പർഷിപ്പ് ക്യാംപയിൻ പൂർത്തിയായി. പാർട്ടിക്ക് സംസ്ഥാനത്ത് ആകെ 24,33,295 അംഗങ്ങളാണുള്ളത്. ഇതിന് മുമ്പ് ക്യാംപയിൻ നടന്ന 2016ൽ 22 ലക്ഷം അംഗങ്ങളാണ് ഉണ്ടായിരുന്നത്. 2,33,295 അംഗങ്ങളുടെ വർധന.

നിലവിൽ അംഗത്വമെടുത്തവരിൽ അമ്പത്തിയൊന്ന് ശതമാനവും സ്ത്രീകളാണ്. പുരുഷ അംഗങ്ങൾ 49 ശതമാനം. ആകെ അംഗങ്ങളിൽ 61 ശതമാനവും 35 വയസ്സിൽ താഴെയുള്ളരാണെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. നവംബർ ഒന്നിനാണ് ലീഗ് അംഗത്വ ക്യാംപയിൻ ആരംഭിച്ചത്. പാർട്ടി അംഗത്വ കാമ്പയിന് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

വാർഡ്/ യൂണിറ്റ് തലങ്ങളിലെ പ്രവർത്തകർ വീടുകൾ കയറിയിറങ്ങി അംഗങ്ങളുടെ കയ്യൊപ്പോടുകൂടിയാണ് അംഗത്വം പുതുക്കുകയും പുതിയ അംഗങ്ങളെ ചേർക്കുകയും ചെയ്തത്. പ്രത്യേകം സജ്ജമാക്കിയ ആപ്ലിക്കേഷനിൽ ഡിസംബർ പതിനഞ്ചോടെ അംഗങ്ങളുടെ പൂർണ്ണ വിവരങ്ങൾ അതാത് കമ്മിറ്റികളുടെ കോർഡിനേറ്റർമാർ അപ്ഡേറ്റ് ചെയ്യുകയും ഫീസടയ്ക്കുകയും ചെയ്തു.

സംസ്ഥാനത്തൊട്ടാകെ ഡിസംബർ ഒന്നിന് ആരംഭിച്ച വാർഡ് കമ്മിറ്റികളുടെ രൂപീകരണം ഡിസംബർ 31ന് പൂർത്തീകരിച്ചു. ഇപ്പോൾ പഞ്ചായത്ത്, മുനിസിപ്പൽ, മേഖലാ കമ്മിറ്റികൾ രൂപീകരിച്ചുവരികയാണ്. ജനുവരി പതിനഞ്ചിനകം പഞ്ചായത്ത് കമ്മിറ്റികളുടെ രൂപീകരണം പൂർത്തിയാകും. 15ന് ശേഷം മണ്ഡലം കമ്മിറ്റികളുടെ രൂപീകരണം ആരംഭിക്കും. ശേഷം ജില്ലാ കമ്മിറ്റികളും രൂപീകരിക്കും. മാർച്ച് ആദ്യവാരം പുതിയ സംസ്ഥാന കമ്മിറ്റി നിലവിൽ വരും. സമ്മേളനങ്ങളോട് കൂടിയാണ് ഓരോ ഘടകങ്ങളിലും കമ്മിറ്റികൾ വരുന്നത്. മുസ്ലിംലീഗ് കമ്മിറ്റികൾക്കൊപ്പം വാർഡ് തലം തൊട്ട് വനിതാ ലീഗ് കമ്മിറ്റികളും രൂപീകരിച്ച് വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here