ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിന് ആശ്വാസം; വധശ്രമക്കേസിൽ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു

0
200

കൊച്ചി: ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിന് ആശ്വാസം. വധശ്രമക്കേസിൽ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. പത്ത് വർഷത്തെ തടവുശിക്ഷയാണ് കോടതി സ്റ്റേ ചെയ്തത്. മുഹമ്മദ് ഫൈസൽ അടക്കം നാല് പ്രതികൾക്കും ഉടൻ ജയിൽ മോചിതരാവാം.

മുഹമ്മദ് ഫൈസലിന്‍റെ കുറ്റവും ശിക്ഷയും ഹൈക്കോടതി സ്റ്റേ ചെയ്തു. കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്തത് മുഹമ്മദ് ഫൈസലിന്റേത് മാത്രമാണ്. രാഷ്ട്രീയത്തിൽ സംശുദ്ധി സൂക്ഷിക്കേണ്ടത് പ്രധാനമെന്ന് കോടതി പറഞ്ഞു. എന്നാൽ, മുഹമ്മദ് ഫൈസല്‍ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്തില്ലെങ്കിൽ തെരഞ്ഞെടുപ്പ് സംജാതമാകുമെന്നും പെട്ടെന്നൊരു തെരഞ്ഞെടുപ്പിലേക്ക് പോകുന്നത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.

2009ൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച കേസിലാണ് നാല് പ്രതികളെ 10 വർഷം തടവിനും 1 ലക്ഷം രൂപ പിഴയൊടുക്കാനും കവരത്തി ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. പ്രതികൾ നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ് കഴിയുന്നത്.

അതേസമയം, ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എംപി മുഹമ്മദ് ഫൈസൽ സമർപ്പിച്ച ഹർജി ഈ മാസം 27ന് സുപ്രീംകോടതി പരിഗണിക്കും. ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങളില്‍ സുപ്രീംകോടതിയുടെ വിധി നിര്‍ണായകമാകും.

LEAVE A REPLY

Please enter your comment!
Please enter your name here