തിരുവനന്തപുരം ∙ ഇത്തവണ സംസ്ഥാന ബജറ്റില്‍ ഫീസുകളും പിഴകളും വ്യാപകമായി വര്‍ധിപ്പിച്ചേക്കുമെന്നു സൂചന. സാമ്പത്തിക ഞെരുക്കത്തിലുള്ള സര്‍ക്കാരിനു മുന്നോട്ട് പോകണമെങ്കില്‍ വരുമാനം വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും സാധ്യമായ മാര്‍ഗങ്ങളെല്ലാം സ്വീകരിക്കാനുമാണു ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ തീരുമാനം. ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ധിപ്പിച്ചേക്കും. മോട്ടര്‍ വാഹന നികുതിയും കൂട്ടും.
602 കോടിയായിരുന്നു കഴിഞ്ഞ ബജറ്റ് ലക്ഷ്യമിട്ട അധിക വിഭവ സമാഹരണം. അതിലേറെ വിഭവസമാഹരണത്തിനുള്ള നിര്‍ദേശങ്ങള്‍ ഇത്തവണയുണ്ടാകും. തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം വെട്ടിക്കുറയ്ക്കാനിടയുണ്ട്. അത് പരിഹരിക്കുന്ന തരത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം കൂട്ടുന്നതിനുള്ള നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കാം. വസ്തുനികുതി, വിനോദ നികുതി, പരസ്യനികുതി, ബില്‍ഡിങ് പെര്‍മിറ്റ് ഫീസ്, ക്രമവല്‍ക്കരണ ഫീസ്, ലൈസന്‍സ് ഫീസ് എന്നിവയില്‍ ചിലത് കൂട്ടും. വനം, പൊലീസ്, റവന്യൂ, എക്സൈസ്, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട് നിരവധി ഫീസുകളും പിഴകളുമുണ്ട്. ഇതില്‍ പലതും ഇത്തവണ വര്‍ധിപ്പിക്കും.
5 ശതമാനം വര്‍ധനയാണ് ഫീസുകളില്‍ പ്രതീക്ഷിക്കുന്നത്. ഭൂമിയുടെ ന്യായവില 10% കൂട്ടുമെങ്കിലും ന്യായവിലയുടെ പുനര്‍നിര്‍ണയം പ്രതീക്ഷിക്കേണ്ടെന്നാണു സൂചന. റജിസ്ട്രേഷന്‍ നിരക്കുകളിലും മാറ്റത്തിന് സാധ്യതയുണ്ട്. പെട്രോളിന്‍റെയും ഡീസലിന്‍റെയും മദ്യത്തിന്‍റെയും വില്‍പന നികുതി കൂട്ടുന്നതിനുള്ള നിര്‍ദേശവും മുന്നിലുണ്ട്. മദ്യത്തിന് 251 ശതമാനമാണ് ഉയര്‍ന്ന പൊതുവില്‍പനനികുതി. നവംബറില്‍ മദ്യത്തിന്‍റെ വില്‍പനനികുതി കൂട്ടിയിരുന്നെങ്കിലും അത് മദ്യക്കമ്പനികളുടെ വിറ്റുവരവ് നികുതി ഒഴിവാക്കിയത് ക്രമീകരിച്ചതാണെന്നാണു ധനവകുപ്പ് വാദം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.