കൈവിലങ്ങുമായി രക്ഷപ്പെടാൻ ശ്രമിച്ചു പോക്സോ പ്രതി; കീഴ്പ്പെടുത്തി പൊലീസിനെ ഏൽപിച്ചു മാധ്യമ പ്രവർത്തകൻ

0
312

കാസർകോട് ∙ പൊലീസിന്റെ കണ്ണുവെട്ടിച്ച് ആശുപത്രിയിൽ നിന്നു കൈവിലങ്ങുമായി രക്ഷപ്പെടാൻ ശ്രമിച്ച പോക്സോ കേസിലെ പ്രതിയെ മാധ്യമ പ്രവർത്തകൻ കീഴ്പ്പെടുത്തി പൊലീസിനെ ഏൽപിച്ചു. വിദ്യാനഗർ പൊലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയായ മധുർ കോട്ടക്കണ്ണിയിലെ അബ്ദുൽ കലന്തറി(കലന്തർ ഷാഫി – 28)നെ കഴിഞ്ഞ ദിവസം രാത്രി മാധ്യമ പ്രവർത്തകൻ സുനിൽകുമാർ ബേപ്പാണ് പിടികൂടിയത്.

പോക്സോ കേസിൽ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കുന്നതിനു മുന്നോടിയായി കാസർകോട് ജനറൽ ആശുപത്രിയിലേക്കു വൈദ്യപരിശോധനയ്ക്കായി എത്തിക്കുകയായിരുന്നു. ഇവിടെ നിന്നാണു പൊലീസുകാരുടെ കണ്ണുവെട്ടിച്ചു രക്ഷപ്പെടാനായി ഓടിയത്. ഇതിനിടെ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ രക്തം നൽകാനെത്തിയ സുനിൽകുമാർ കൈവിലങ്ങുമായി ഓടുന്നതു കണ്ടതിനെ തുടർന്നു പിൻതുടരുകയായിരുന്നു.

പിന്നാലെ ഓടി എംജി റോഡിൽ നിന്നു സാഹസികമായി പിടികൂടി പൊലീസ് വാഹനത്തിൽ കയറ്റുകയായിരുന്നു. ഓടുന്നതിനിടെ മൊബൈൽ ഫോൺ വീണു പൊട്ടിയെന്നും പ്രതിയുടെ കൈവിലങ്ങ് കൊണ്ടു മുറിഞ്ഞതായും സുനിൽകുമാർ പറഞ്ഞു. 17കാരിയെ 4 മാസം മുൻപു തട്ടിക്കൊണ്ടു പോയി കർണാടകയിലെ രഹസ്യകേന്ദ്രത്തിൽ താമസിപ്പിച്ചു മാസങ്ങളോളം പീഡിപ്പിച്ചു എന്ന പരാതിയിലാണ് ഷാഫിയെ കർണാടകയിൽ നിന്നു പിടികൂടിയത്.

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതിയായ അബ്ദുൽ കലന്തറിന്റെ ചിത്രം പൊലീസ് നവമാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കാനായി പോസ്റ്റ് ചെയ്തിരുന്നു. കർണാടകയിലെ മലയാളികൾ നൽകിയ വിവരത്തെ തുടർന്നാണ് വിദ്യാനഗർ സിഐ പി.പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണു കർണാടകയിലെത്തിയ പ്രതിയെയും പെൺകുട്ടിയെയും കസ്റ്റഡിയിലെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here