കാസർകോട് : പെരുമ്പള ബേനൂരിൽ മരിച്ച അഞ്ജുശ്രീയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെ കൂടുതൽ അന്വേഷണവുമായി പൊലീസ്. അഞ്ജുശ്രീയുടെ കൂടെ ഭക്ഷണം കഴിച്ചവരിൽ ചിലർക്ക് അസ്വസ്ഥത ഉണ്ടായതിന്റെ കാരണമാണ് പ്രധാനമായും അന്വേഷിക്കുന്നത്. മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. കൂടുതൽ പേരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. അതേസമയം ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം കാത്തിരിക്കുകയാണ് അന്വേഷണ സംഘം. അടുത്ത ദിവസങ്ങളിൽ തന്നെ രാസ പരിശോധനാ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ.
ശനിയാഴ്ച രാവിലെയാണ് കാസർകോട് പെരുമ്പള ബേനൂരിൽ കോളജ് വിദ്യാർത്ഥിനിയായ കെ അഞ്ജുശ്രീ പാർവതി എന്ന 19 വയസുകാരി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഹോട്ടലിൽനിന്ന് ഡിസംബർ 31 നു ഓൺലൈനായി വാങ്ങിയ ചിക്കൻ വിഭവങ്ങളും മയോണൈസും കഴിച്ച ശേഷമായിരുന്നു അഞ്ജുശ്രീ രോഗബാധിത ആയതെന്ന് ബന്ധുക്കൾ രാവിലെ ഒൻപതു മണിയോടെ പൊലീസിൽ പരാതി നൽകി. കാസർകോട് ജില്ലാ ക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർക്ക് ഹോട്ടൽ ഭക്ഷണത്തിന്റെ ബിൽ വാട്ട്സാപിൽ അയച്ചു നൽകുകയും ചെയ്തു. പിന്നാലെ ജനപ്രതിനിധികളും ഡിഎംഒയും കുടുംബത്തിന്റെ സംശയം ശരിവെച്ചു. തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടൽ അടപ്പിച്ചു. ശേഷമാണ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക്അയച്ചത്.
പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തുവന്നതോടെ അതുവരെയുള്ള ധാരണകൾ എല്ലാം തെറ്റി. അഞ്ജുശ്രീ ഭക്ഷണം വാങ്ങിയ ഹോട്ടലിൽനിന്ന് അതെ ഭക്ഷണം കഴിച്ച നൂറിലേറെ പേർ ഉണ്ടായിട്ടും ആർക്കും ഭക്ഷ്യവിഷബാധ ഉണ്ടായില്ല. അഞ്ജുവിനെ അത്യാസന്ന നിലയിൽ ചികിൽസിച്ച മംഗലാപുരം ആശുപത്രിയിലെ ഡോക്ടർമാരും ഭക്ഷ്യവിഷബാധയെന്ന വാദത്തോട് യോജിപ്പില്ലെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്നാണ് പൊലീസ് മറ്റു സാദ്ധ്യതകൾ അന്വേഷിച്ചതും വീട്ടില്‍ നടത്തിയ പരിശോധനയില്‍ അഞ്ജുശ്രീയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയതും. മാനസിക സമ്മര്‍ദ്ദം മൂലം മരിക്കുന്നുവെന്ന് കുറിപ്പിലുണ്ട്. വിഷം ഉപയോഗിക്കുന്നതിന്‍റെ വിവരങ്ങള്‍ മൊബൈല്‍ ഫോണ്‍ ഫോണില്‍ സെര്‍ച്ച് ചെയ്തതായും കണ്ടെത്തി. അഞ്ജുശ്രീയുടേത് ആത്മഹത്യയെങ്കിൽ കുടുംബത്തിലെ ചിലർക്ക് എങ്ങനെ അസ്വസ്ഥതയുണ്ടായെന്നാണ് സംശയം.