പ്രായപൂർത്തിയാകാത്തവർക്ക് കോണ്ടവും ഗർഭനിരോധന ഗുളികകളും വിൽക്കുന്നത് നിരോധിക്കില്ല; പകരം ഫാർമസിസ്റ്റുകൾ അവരെ ബോധവൽക്കരിക്കണമെന്ന് സർക്കാർ

0
232

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്തവർക്ക് ഗർഭനിരോധന ഉറകളും ഗുളികകളും വിൽക്കുന്നത് നിരോധിക്കില്ല, പകരം ഫാർമസിസ്റ്റുകൾ അവരെ ബോധവൽക്കരിക്കണമെന്ന് കർണാടക ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെന്റ്. 18 വയസിന് താഴെയുള്ളവർക്ക് ഗർഭനിരോധന ഉറകൾ വിൽക്കുന്നത് നിരോധിച്ചുകൊണ്ട് സർക്കാ‌ർ സർക്കുലർ ഇറക്കിയെന്ന വാർത്തയും ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെന്റ് നിഷേധിച്ചു.

‘അത്തരമൊരു സർക്കുലർ ഞങ്ങൾ പുറപ്പെടുവിച്ചിട്ടില്ല. ഏത് പ്രായത്തിലുള്ള ആളുകൾക്കും കോണ്ടം അല്ലെങ്കിൽ മറ്റ് ഗർഭനിരോധന മാർഗങ്ങൾ വിൽക്കുന്നതിന് വിലക്കില്ല. ഞങ്ങൾ വിശദമായ പ്രസ്താവന നാളെ പുറപ്പെടുവിക്കും,’- കർണാടക ഡ്രഗ്സ് കൺട്രോളർ ഭാഗോജി ടി ഖാനാപുരെ പറഞ്ഞു.

കഴിഞ്ഞ വർഷം നവംബറിൽ ബംഗളൂരുവിലെ ചില സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ ബാഗിൽ നിന്ന് കോണ്ടം, ഗർഭനിരോധന ഗുളികകൾ, സിഗരറ്റ്, ലൈറ്റർ എന്നിവ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഗർഭനിരോധന മാർഗങ്ങൾ കുട്ടികൾക്ക് വിൽക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി പരാതികൾ ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെന്റിന് ലഭിച്ചിരുന്നു. വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി മാനേജ്‌മെന്റിന് പരാതി ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. ഈ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകാനും സ്കൂൾ അധികൃതർ തീരുമാനിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here