സ്വര്‍ണം കലര്‍ത്തിയ ജാം! പ്രിന്ററിലും ഒളിപ്പിച്ചു; കരിപ്പൂരില്‍ കസ്റ്റംസിന്റെ സ്വര്‍ണവേട്ട

0
165

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണവേട്ടയുടെ പരമ്പര. വ്യത്യസ്ത സംഭവങ്ങളിലായി മൂന്നു കോടിയോളം രൂപ വിലവരുന്ന അഞ്ച് കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് പിടികൂടി. നാലുപേരെ അറസ്റ്റ് ചെയ്തു. കംപ്യൂട്ടര്‍ പ്രിന്റര്‍, വിമാനത്തിലെ ശൗചാലയത്തിലെ ബക്കറ്റ്, ജാം കുപ്പി എന്നിവയിലും ശരീരത്തിനുള്ളിലും ഒളിപ്പിച്ചായിരുന്നു കടത്താന്‍ ശ്രമം.

എയര്‍ അറേബ്യ വിമാനത്തില്‍ ജിദ്ദയില്‍നിന്ന് ഷാര്‍ജ വഴി കോഴിക്കോടെത്തിയ മലപ്പുറം ആതവനാട്ടെ പൊട്ടങ്ങല്‍ അബ്ദുല്‍ ആഷിഖ് (29) ആണ് കംപ്യൂട്ടര്‍ പ്രിന്ററില്‍ കൊണ്ടുവന്നത്. എക്‌സ്‌റേ പരിശോധനയില്‍ സംശയം തോന്നിയതിനാല്‍ വിശദമായി പരിശോധിക്കണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സഹോദരന്‍ തന്നയച്ചതാണെന്നും അതില്‍ സ്വര്‍ണമില്ലെന്ന് തനിക്ക് ഉറപ്പാണെന്നും പ്രിന്റര്‍ തുറന്നു പരിശോധിച്ച് കേടുവന്നാല്‍ പുതിയ പ്രിന്റര്‍ നല്‍കേണ്ടിവരുമെന്നും ആഷിഖ് നിലപാടെടുത്തു. തുടര്‍ന്ന് പ്രിന്റര്‍ പൊട്ടിച്ചുനോക്കാതെ ഉദ്യോഗസ്ഥര്‍ പിടിച്ചുവെച്ചു. വിദഗ്ധരുടെ സഹായത്തോടെ വിശദമായ പരിശോധന നടത്തിയപ്പോഴാണ് ഉള്ളിലെ രണ്ട് ദണ്ഡുകളിലുണ്ടായിരുന്ന 995 ഗ്രാം തങ്കം കണ്ടെടുത്തത്. ഇതിന് 55 ലക്ഷം രൂപ വിലവരും. കള്ളക്കടത്തുസംഘം ആഷിഖിന് 90000 രൂപ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. കടത്തുസംഘത്തിന്റെ ഉപദേശപ്രകാരമാണ് ആഷിഖ് കഥകള്‍ മെനഞ്ഞതെന്നും തെളിഞ്ഞു.

ദുബായില്‍നിന്ന് കോഴിക്കോട്ടെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ ശൗചാലയത്തിലെ ബക്കറ്റില്‍നിന്ന് 1145 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതമടങ്ങിയ തുണിബെല്‍റ്റ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എയര്‍ ഇന്ത്യ ജീവനക്കാരന്റെ സഹായത്തോടെ കണ്ടെടുത്തു. വിമാനം കരിപ്പൂരിലെത്തിയശേഷം ഈ പാക്കറ്റ് മറ്റാരുടെയോ സഹായത്തോടെ പുറത്തുകടത്താനിരുന്നതാണെന്ന് സംശയിക്കുന്നു. സ്വര്‍ണത്തിന് 62.18 ലക്ഷം രൂപ വിലവരും.

എയര്‍ ഇന്ത്യ വിമാനത്തില്‍ ഷാര്‍ജയില്‍നിന്ന് കോഴിക്കോടെത്തിയ മലപ്പുറം തവനൂര്‍ സ്വദേശി ചെറുകാട്ടുവളപ്പില്‍ അബ്ദുല്‍ നിഷാറില്‍(33) നിന്ന് 1158 ഗ്രാമും കൊടുവള്ളി അവിലോറ സ്വദേശി പാറക്കല്‍ സുബൈറില്‍(35) നിന്ന് 1283 ഗ്രാമും സ്വര്‍ണമിശ്രിതം പിടിച്ചെടുത്തു. നാലുവീതം ഗുളികകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇവര്‍ കടത്താല്‍ ശ്രമിച്ചത്. പിടികൂടിയ സ്വര്‍ണത്തിന് 1.32 കോടി രൂപ വിലവരും. കള്ളക്കടത്തുസംഘം നിഷാറിന് 50000 രൂപയും സുബൈറിന് 70000 രൂപയുമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്.

മറ്റൊരു കേസില്‍ ദുബായില്‍നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ കോഴിക്കോട്ടെത്തിയ വടകര വില്ല്യാപ്പള്ളി താച്ചാര്‍കണ്ടിയില്‍ അഫ്‌നാസില്‍(29) നിന്ന് 840.34 ഗ്രാം സ്വര്‍ണമിശ്രിതം പിടികൂടി. കുപ്പിയിലെ ജാമില്‍ കലര്‍ത്തിയ രൂപത്തിലായിരുന്നു ഇത്. 45.69 ലക്ഷം രൂപ വിലയുള്ള സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അധികൃതരും കസ്റ്റംസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പിടിച്ചെടുത്തത്. കള്ളക്കടത്തുസംഘം അഫ്‌നാസിന് 50000 രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here