മലദ്വാരത്തിലും റൈസ് കുക്കറിലും ഒളിപ്പിച്ച് വരെ കടത്ത്; കരിപ്പൂരിലെ സ്വര്‍ണവേട്ടയുടെ കണക്കുകള്‍

0
129

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ പിടികൂടിയത് കടത്തിക്കൊണ്ട് വന്ന 297 കോടിയുടെ സ്വര്‍ണമെന്ന് കണക്കുകള്‍. 2019 മുതല്‍ 2002 നവംബര്‍ മാസം വരെയുള്ള കണക്കാണിത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് 2019 ല്‍ 443 കേസുകളും 2020 ല്‍ 258 കേസുകളും 2021ല്‍ 285 കേസുകളും 2022 നവംബര്‍ വരെ 249 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2019 ല്‍ 212.29 കിലോ, 2020 ല്‍ 137.26 കിലോ, 2021 ല്‍ 211.23 കിലോ 2022 ല്‍ 194.20 കിലോ എന്നിങ്ങനെയാണ് സ്വര്‍ണം പിടികൂടിയത്.

കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി പിടികൂടിയ സ്വര്‍ണത്തിന്റെ മൂല്യം : 2019 (67.90 കോടി) 2020 (56.13 കോടി) 2021 (89.83 കോടി) 2022 (82.65 കോടി) എന്നിങ്ങനെയാണ്. ഡിആര്‍ഐ, കസ്റ്റംസ് പ്രിവന്റീവ് വിഭാഗങ്ങള്‍ പിടികൂടിയതിന് ഇതിന് പുറമെയാണിത്. കഴിഞ്ഞ ജനുവരി അവസാനം ആണ് പൊലീസ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയ്ഡ് പോസ്റ്റ് തുടങ്ങിയത്. മലപ്പുറം എസ്പി സുജിത്ത് ദാസാണ് സ്വര്‍ണക്കടത്ത് പിടികൂടാന്‍ ഇത്തരം ഒരു സംവിധാനം ഒരുക്കാന്‍ നിശ്ചയിച്ചത്. വിമാനത്താവളത്തിന് പുറത്തെ പോസ്റ്റ് വഴിയുള്ള പൊലീസിന്‍റെ ഈ സ്വര്‍ണവേട്ട കസ്റ്റംസിനെ സംബന്ധിച്ച് തലവേദന ആണ്.

പൊലീസ് പിടികൂടിയ സ്വര്‍ണം സംബന്ധിച്ച തുടരന്വേഷണ നടപടികളാണ് കസ്റ്റംസിന് ബുദ്ധിമുട്ടുണ്ടാക്കുന്നത്. സ്വര്‍ണം പൊലീസ് പിടികൂടിയാലും തുടരന്വേഷണം കസ്റ്റംസിന്റെ ഉത്തരവാദിത്വമാണ്. പ്രതികളെയും തൊണ്ടി വാഹനങ്ങളും റിപ്പോര്‍ട്ട് സഹിതം പൊലീസ് കസ്റ്റംസിന് കൈമാറും. പക്ഷേ സ്വര്‍ണം കോടതിയിലാണ് ഹാജരാക്കുക. കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കി സ്വര്‍ണം വാങ്ങിയ ശേഷം മാത്രമേ അന്വേഷണം തുടങ്ങൂ. മലദ്വാരത്തില്‍ ഒളിപ്പിച്ചും വസ്ത്രത്തില്‍ പേസ്റ്റ് ആക്കി തേച്ചും വരെ ഇക്കാലയളവില്‍ സ്വര്‍ണം കടത്തിയ സംഭവങ്ങള്‍ പിടിക്കപ്പെട്ടിട്ടുണ്ട്.

സ്വർണം വ്യാപകമായി പിടിക്കപ്പെട്ട് തുടങ്ങിയതോടെ കടത്തിന് പുതിയ രീതികൾ തേടുകയാണ് കാരിയർമാർ. ശരീരത്തിലൊളിപ്പിച്ച് സ്വര്‍ണം കൊണ്ടു വരുന്നതിന് പകരമാണ് കടത്തുകാര്‍ മറ്റ് വഴികൾ പരീക്ഷിക്കുന്നത്. സൈക്കിളിനുള്ളില്‍ മെര്‍ക്കുറി പൂശി സ്വര്‍ണക്കട്ടകള്‍ കൊണ്ടു വന്നതും അടിവസ്ത്രത്തിനുള്ളില്‍ സ്വര്‍ണ ദ്രാവകം തേച്ചു പിടിപ്പിച്ചു കൊണ്ടു വന്നതും അടക്കമുള്ള രീതികള്‍ കാരിയര്‍മാര്‍ പരീക്ഷിച്ച് നോക്കുന്നുണ്ട്.  സ്വർണം വ്യാപകമായി പിടിക്കപ്പെടുന്നുണ്ടെങ്കിലും പൊട്ടിക്കല്‍ സംഘങ്ങളും സജീവമാണ്. കടത്തി കൊണ്ടു വരുന്ന സ്വർണം കാരിയർമാരിൽ നിന്ന് തട്ടിയെടുക്കുന്ന സംഘങ്ങൾ വടക്കൻ ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here