ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണിന്റെ അപ്രതീക്ഷിത രാജിപ്രഖ്യാപനം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. അടുത്ത മാസം ഏഴിന് രാജിവയ്ക്കുമെന്നാണ് പ്രഖ്യാപനം.കാലാവധി തീരാന്‍ പത്തുമാസം ശേഷിക്കെയാണ് പ്രധാനമന്ത്രി പദത്തില്‍ നിന്ന് ജസീന്ത പടിയിറങ്ങുന്നത്. ഒരു തിരഞ്ഞെടുപ്പില്‍ക്കൂടി മത്സരിക്കാനു്ള്ള ഊര്‍ജം തനിക്ക് ഇല്ലെന്നാണ് ജസീന്തയുടെ നിലപാട്. പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഒഴിയുന്നതിനൊപ്പം തന്നെ പാര്‍ട്ടിയിലെ സ്ഥാനവും ഒഴിയും.
2017-ല്‍ കൂട്ടുകക്ഷി സര്‍ക്കാരില്‍ പ്രധാനമന്ത്രിയായ ജസീന്ത, മൂന്ന് വര്‍ഷത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ മധ്യ-ഇടതുപക്ഷ ലേബര്‍ പാര്‍ട്ടിയെ സമഗ്രമായ വിജയത്തിലേക്ക് നയിച്ചിരുന്നു, എന്നാല്‍ അടുത്തിടെയായി ജസീന്തയുടെ ജനപ്രീതി കുറയുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതായിരിക്കാം രാജിയിലേക്ക് നയിച്ച ഘടകമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പക്ഷേ ഇത് സംബന്ധിച്ച് സ്ഥിരീകരണമായിട്ടില്ല.
അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബര്‍ 14 ന് നടക്കുമെന്നും അതുവരെ താന്‍ ഇലക്ടറേറ്റ് എംപിയായി തുടരുമെന്നും ജസീന്ത പറഞ്ഞു. തന്റെ രാജിക്ക് പിന്നില്‍ ഒരു രഹസ്യവുമില്ലെന്ന് അവര്‍ വ്യക്തമാക്കി. ‘ഞാന്‍ ഒരു മനുഷ്യനാണ്, എനിക്ക് ഇത് സമയമാണ്.
ഞാന്‍ പോകുന്നു, കാരണം ഇത്തരമൊരു പദവിയുള്ള ജോലി ഒരു വലിയ ഉത്തരവാദിത്തമാണ്- ജസീന്ത പറയുന്നു. സജീവ രാഷ്ട്രീയം മതിയാക്കി തന്റെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവിടാനാണ് ജസീന്തയുടെ തീരുമാനിച്ചിരിക്കുന്നതെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.