പോപ്പുലർ ഫ്രണ്ടുകാർ മാത്രമാണോ നാട്ടിൽ ഹർത്താൽ നടത്തി പൊതുമുതൽ നശിപ്പിച്ചത്? ചോദ്യവുമായി സുന്നി നേതാവ്

0
253

മലപ്പുറം: സംസ്ഥാനത്താകെ ഹർത്താൽ ആക്രമണ കേസുകളിലുൾപ്പെട്ട പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ നടപടികൾ പുരോഗമിക്കുമ്പോൾ കോടതിയുടെയും സർക്കാരിന്റെയും ജാ​ഗ്രത ശുഭസൂചനയെന്ന് സുന്നി നേതാവ് സത്താർ പന്തല്ലൂർ. എന്നാൽ, പോപ്പുലർ ഫ്രണ്ടുകാർ മാത്രമാണോ നാട്ടിൽ ഹർത്താൽ നടത്തി പൊതുമുതൽ നശിപ്പിച്ചത് എന്നുള്ള ചോദ്യവും അദ്ദേഹം ഉന്നയിച്ചു. ചെറുതും വലുതുമായ വിവിധ സംഘടനകളും സമരക്കാരും പൊതുമുതൽ നശിപ്പിച്ചതിലൊന്നും ജാഗ്രത കാണിക്കാത്തതിൻ്റെ താത്പര്യം എന്താണെന്നും സത്താർ ചോദിച്ചു.

പോപുലർ ഫ്രണ്ട് ഒരു തീവ്രമായ ആവിഷ്കാരമാണ്. എന്നുവെച്ച് പൊതുമുതൽ നശിപ്പിച്ച കുറ്റം അവരുടെ ഹർത്താൽ മുതൽ ആരംഭിക്കുകയോ അവസാനിക്കുകയോ ചെയ്യേണ്ടതല്ല. എന്നാൽ വിവേചനമെന്ന് തോന്നിക്കുന്ന തിടുക്കം ആരോഗ്യകരമായ ജനാധിപത്യത്തിൻ്റെയോ നിയമ വാഴ്ചയുടേയോ ലക്ഷണമല്ല. അനീതിക്കിരയാവുന്നവർ അവർ ആരായാലും അവർക്ക് വേണ്ടി നിലകൊള്ളുന്നതാകണം നമ്മുടെ നീതിന്യായ സംവിധാനവും ജനാധിപത്യ വ്യവസ്ഥയും. പോപുലർ ഫ്രണ്ട്,  എൻഡിഎഫ് ആയിരുന്ന കാലം മുതൽ കൃത്യമായ അകലവും എതിർപ്പും സമുദായ നേതൃത്വം കാണിച്ചിട്ടുണ്ട്.

ആ നിലപാടിലൊന്നും യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം, ഹർത്താൽ ആക്രമണ കേസുകളിലുൾപ്പെട്ട പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ നടപടികൾ കാസര്‍കോട്, കോഴിക്കോട്, വയനാട് , തൃശ്ശൂര്‍, കോട്ടയം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിൽ പൂര്‍ത്തിയായി. 23 പ്രവർത്തകരുടെ സ്വത്താണ് കോഴിക്കോട് കണ്ടുകെട്ടിയത്. മുഴുവൻ പേർക്കും നോട്ടീസ് നൽകിക്കഴിഞ്ഞു. ഇന്ന് വൈകുന്നേരത്തോടെ നടപടികൾ പൂർത്തിയാക്കി സർക്കാരിലേക്ക് റിപ്പോർട്ട് നൽകുമെന്ന് റവന്യൂ ഉദ്യോഗസ്ഥർ അറിയിച്ചു. പലർക്കും സ്വന്തമായി വസ്തുവകകളില്ലെന്നാണ് കണ്ടെത്തൽ.

ഹൈക്കോടതി അന്ത്യശാസനത്തെത്തുടര്‍ന്നാണ് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടി സർക്കാർ വേഗത്തിലാക്കിയത്. ഇന്നലെ 14 ജില്ലകളിലായി 60 ഓളം സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇന്ന് വൈകീട്ട് അഞ്ചുമണിവരെയാണ് കണ്ടുകെട്ടൽ നടപടികൾ പൂർത്തിയാക്കാൻ ജില്ലാകളക്ടര്‍മാര്‍ക്ക് ലാൻഡ് റവന്യൂ കമ്മീഷണര്‍ നൽകിയിരിക്കുന്ന സമയപരിധി. സ്വത്തുകണ്ടുകെട്ടിയതിന്‍റെ വിവരങ്ങൾ കളക്ടര്‍മാര്‍ സര്‍ക്കാരിന് കൈമാറും. ഇത് സർക്കാർ റിപ്പോര്‍ട്ടായി ഹൈക്കോടതിയിൽ നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here