ഐപിഎല്ലിനെ കോപ്പിയടിച്ച ലീഗില്‍ സര്‍വത്ര കുഴപ്പം, സംഘാടകര്‍ ആദ്യം മുങ്ങി, വിദേശ താരങ്ങള്‍ ജീവനുകൊണ്ടോടി

0
401

ഇന്ത്യയുടെ അയല്‍ക്കാരായ നേപ്പാള്‍ ക്രിക്കറ്റ് ആരാധകര്‍ ഏറെയുള്ള രാജ്യമാണ്. ഫസ്റ്റ് ക്ലാസ് മല്‍സരത്തിനു പോലും ഒഴുകിയെത്തുന്നത് പതിനായിരങ്ങളാണ്. അടുത്ത കാലത്തായി കുറച്ചധികം നേട്ടങ്ങളും സ്വന്തമാക്കാന്‍ നേപ്പാള്‍ ക്രിക്കറ്റിന് സാധിച്ചിട്ടുണ്ട്.

അടിസ്ഥാന വികസനങ്ങളോ നല്ലൊരു സ്‌റ്റേഡിയം പോലുമോ ഇല്ലാതെയാണ് നേപ്പാളിന്റെ ക്രിക്കറ്റ് വളര്‍ച്ചയേറെയും. എന്നാല്‍ കഴിവുകെട്ട ക്രിക്കറ്റ് ബോര്‍ഡും അതിനകത്തെ അഴിമതിയും അവരുടെ മുന്നേറ്റത്തെ പിന്നോട്ട് അടിക്കുന്നു.

ഇപ്പോള്‍ നേപ്പാള്‍ ക്രിക്കറ്റില്‍ നിന്നും കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് പുറത്തേക്ക് വരുന്നത്. ഐപിഎല്‍ മാതൃകയില്‍ നേപ്പാള്‍ ഒരു ലീഗ് തുടങ്ങിയിരുന്നു. നേപ്പാള്‍ ടി20 ലീഗ് എന്നു പേരിട്ടിരിക്കുന്ന ലീഗ് മൂലം ഇപ്പോള്‍ പലരും ജയിലില്‍ പോകുന്നതിന് അരികിലാണ്. കോമഡി സിനിമ രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.

ഡിസംബര്‍ 24 ന് ആയിരുന്നു പ്രഥമ എഡിഷന്‍ തുടങ്ങിയത്. വിദേശ താരങ്ങളായ സിക്കന്തര്‍ റാസ, ഹാരി ടെക്റ്റര്‍ തുടങ്ങിയവരെല്ലാം വിവിധ ടീമുകളില്‍ കളിക്കുന്നുണ്ട്. 23ന് തുടങ്ങാന്‍ തീരുമാനിച്ച ലീഗ് ഒരു ദിവസം വൈകിയാണ് തുടങ്ങിയത്.

ലീഗ് തുടങ്ങി മൂന്നാം ദിവസം മുതല്‍ സംഘാടകരെ കാണാനില്ല. ഇന്ത്യന്‍ കമ്പനിയായ സെവന്‍ 3 സ്‌പോര്‍ട്‌സ് ആയിരുന്നു ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് നേപ്പാളിനു വേണ്ടി ലീഗ് നടത്തിയിരുന്നത്. പ്രതിഫലത്തിനായി കളിക്കാര്‍ ബഹളം വച്ചപ്പോള്‍ സംഘാടകര്‍ ആദ്യം മുങ്ങി.

ഇവരെ പിന്നീട് കണ്ടുകിട്ടിയതേയില്ല. ഇതോടെ സംഘാടനം ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് നേപ്പാളിന്റെ തലയിലായി. പ്രതിഫലം കിട്ടാതെ കളിക്കാര്‍ ഗ്രൗണ്ടിലിറങ്ങാന്‍ വൈകിയതോടെ രണ്ട് കളികള്‍ കൃത്യസമയത്ത് നടന്നില്ല. പിന്നീട് ഓവര്‍ വെട്ടിച്ചുരുക്കി 9 ഓവറാക്കി കളി നടത്തേണ്ടി വന്നു.

പ്രതിഫലം കിട്ടാതായതോടെ കളിക്കാര്‍ സ്വന്തം നിലയില്‍ പൈസ ഉണ്ടാക്കാന്‍ തുടങ്ങുന്നതാണ് കണ്ടത്. വാതുവയ്പ്പുകാര്‍ ടീമുകളില്‍ കയറിയിറങ്ങി കളിക്കാരെ വിലയ്ക്കു വാങ്ങി തുടങ്ങി. സംഭവം പന്തിയല്ലെന്ന് കണ്ടതോടെ സിക്കന്തര്‍ റാസ ഉള്‍പ്പെടെയുള്ളവര്‍ ജീവനും കൊണ്ട് നേപ്പാള്‍ വിട്ടു.

കളിക്കാരും വാതുവയ്പ്പുകാരും പണത്തിന്റെ പേരില്‍ പരസ്യമായി തര്‍ക്കിക്കുന്നത് കണ്ട് കമന്ററി പറയാന്‍ വന്നവരും രക്ഷപ്പെട്ടു. ഒരു കളിയില്‍ മാത്രം 8-9 നോബോളുകളൊക്കെയാണ് ബൗളര്‍മാര്‍ എറിയുന്നത്.

ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത നേപ്പാള്‍ ലീഗിനും സംഘാടകര്‍ക്കും ഐസിസി വിലക്ക് വന്നേക്കുമെന്നതാണ്. നേപ്പാള്‍ പോലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്. നേപ്പാള്‍ ക്യാപ്റ്റന്‍ സന്ദീപ് ലാമിച്ചാനെ പീഡന കേസില്‍ നിലവില്‍ ജയിലിലാണ്. ബാക്കി നേപ്പാള്‍ താരങ്ങളും മിക്കവാറും ഉടന്‍ ജയിലില്‍ ആകാന്‍ സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here