പൊള്ളാര്‍ഡിന്‍റെ പടുകൂറ്റന്‍ സിക്സ് വീണത് ഗ്രൗണ്ടിന് പുറത്ത് റോഡില്‍, പന്ത് കിട്ടിയ ആരാധകര്‍ ചെയ്തത്-വീഡിയോ

0
348

ഷാര്‍ജ: യുഎഇയില്‍ നടക്കുന്ന ഇന്‍റര്‍നാഷണല്‍ ലീഗ് ടി20യില്‍(ഐഎല്‍ടി20) എം ഐ എമിറേറ്റ്സിനായി വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ കെയ്റോണ്‍ പൊള്ളാര്‍ഡിന്‍റെയും ഡാന്‍ മൗസ്‌ലെയുടെയും രണ്ട് പടുകൂറ്റന്‍ സിക്സുകള്‍ ചെന്ന് വീണത് ഷാര്‍ജ ഗ്രിക്കറ്റ് ഗ്രൗണ്ടിന് പുറത്ത് റോഡില്‍. ഞായറാഴ്ച നടന്ന മത്സരത്തില്‍ ഡെസേര്‍ട്ട് വൈപ്പേഴ്സിനെതിരെ പൊള്ളാഡ്, മുഹമ്മദ് വസീം, ആന്ദ്രെ ഫ്ലെച്ചര്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ എംഐ എമിറേറ്റ്സ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സടിച്ചിരുന്നു.

നാല് സിക്സും നാലു ബൗണ്ടറിയും പറത്തി പൊള്ളാര്‍ഡ് 19 പന്തില്‍ 50 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ ഡാന്‍ മൗസ്‌ലെ 17 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്സും പറത്തി 31 റണ്‍സെടുത്തു. ഷാര്‍ജയിലെ ചെറിയ ഗ്രൗണ്ടില്‍ മൗസ്‌ലെയും പൊള്ളാര്‍ഡും പറത്തിയ രണ്ട് പടുകൂറ്റന്‍ സിക്സുകള്‍ ചെന്ന് വീണത് സ്റ്റേഡ‍ിയത്തിന് പുറത്തെ റോഡിലായിരുന്നു. റോഡിലൂടെ നടന്നു പോകുകയായിരുന്ന ആള്‍ക്കാണ് മൗസ്‌ലെ സിക്സ് അടിച്ച പന്ത് കിട്ടിയത്. തിരക്കേറി റോഡിന് നടുവില്‍ വീണ പന്ത് റോഡ് മുറിച്ചു കടന്ന് കൈക്കലാക്കിയ ഇയാള്‍ പന്തുമായി കടന്നു കളഞ്ഞു. തൊട്ടുപിന്നാലെ പൊള്ളാര്‍ഡും എംഐ എമിറേറ്റ്സിനായി സിക്സ് അടിച്ചു. ഇതും ചെന്ന് വീണത് റോഡിലായിരുന്നു. എന്നാല്‍ പന്ത് കിട്ടയ ആരാധകന്‍ അത് ഗ്രൗണ്ടിലേക്ക് തിരികെ എറിഞ്ഞുകൊടുത്തു.

മത്സരത്തില്‍ എംഐ എമിറേറ്റ്സിനായി മുഹമ്മദ് വസീം 44 പന്തില്‍ 86 റണ്‍സടിച്ചപ്പോള്‍ ആന്ദ്രെ ഫ്ലെച്ചര്‍ 39 പന്തില്‍ 50 റണ്‍സടിച്ചു. 242 റണ്‍സ് പിന്തുടര്‍ന്ന ഡേസേര്‍ട്ട് വൈപ്പേഴ്സ് 12.1 ഓവറില്‍ 84 റണ്‍സിന് ഓള്‍ ഔട്ടായി. ജയിച്ചെയങ്കിലും പോയന്‍റ് പട്ടികയില്‍ എംഐ എമിറേറ്റ്സ് ഒമ്പത് പോയന്‍റുമായി മൂന്നാം സ്ഥാനത്താണ്. 10 പോയന്‍റുള്ള ഡേസേര്‍ട്ട് വൈപ്പേഴ്സ് രണ്ടാം സഥാനത്തും ഇത്രയും പോയന്‍റുളള ഗള്‍ഫ് ജയന്‍റ്സ് ഒന്നാം സ്ഥാനത്തുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here