കറാച്ചി: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റിംഗിനെ പ്രശംസകൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. സൂര്യകുമാറിനെ മുന്‍ താരങ്ങളും നിലവിലെ താരങ്ങളുമെല്ലാം വാഴ്ത്തിപ്പാടുന്നതിനിടെ ശ്രദ്ധേയമായ വിലയിരുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് നായകന്‍ സല്‍മാന്‍ ബട്ട്. 32കാരനായ സൂര്യകുമാര്‍ യാദവ് പാക്കിസ്ഥാനിലായിരുന്നെങ്കില്‍ 30 എന്ന പ്രായപരിധി പറഞ്ഞ് ഒഴിവാക്കപ്പെട്ടേനെയെന്നാണ് സല്‍മാന്‍ ബട്ട് പറയുന്നത്.
സൂര്യകുമാര്‍ 30 കഴിഞ്ഞാണ് രാജ്യാന്തര ക്രിക്കറ്റില്‍ എത്തിയതെന്ന് ഞാന്‍ പലയിടത്തും വായിച്ചിരുന്നു. അയാള്‍ ഇന്ത്യക്കാരനായത് ഭാഗ്യം. പാക്കിസ്ഥാനിലിയിരുന്നെങ്കില്‍ 30 വയസെന്ന പരധിയുടെ ഇരയായേനെ സൂര്യകുമാര്‍ എന്നും സല്‍മാന്‍ ബട്ട് പറഞ്ഞു. പാക് ക്രിക്കറ്റ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ റമീസ് രാജ 30 കടന്നവരെ ദേശീയ ടീമീലിക്ക് പരിഗണിക്കില്ലെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബട്ടിന്‍റെ തുറന്നുപറച്ചില്‍.
ബൗളര്‍മാരുടെ മനസ് വായിക്കാനുള്ള സൂര്യുടെ കഴിവിനെയും സല്‍മാന്‍ ബട്ട് പ്രശംസിച്ചു. സൂര്യയുടെ ഫിറ്റ്നെും റിഫ്ലെക്സുകളും, ബാറ്റിംഗിലെ പക്വതയും ബൗളര്‍ എവിടെ പന്തെറിയുമെന്ന് മുന്‍കൂട്ടി മനസിലാക്കാനുള്ള കഴിവും അപാരമാണെന്നും ബട്ട് പറഞ്ഞു.
31ാം വയസില്‍ ഇന്ത്യന്‍ ടീമിലെത്തിയ സൂര്യകുമാറിന് അരങ്ങേറ്റ വര്‍ഷത്തില്‍ കാര്യമായ സ്വാധീനം ഉണ്ടാക്കാനായില്ലെങ്കിലും കഴിഞ്ഞ വര്‍ഷം ടി20 ക്രിക്കറ്റില്‍ 1000ത്തിലേറെ റണ്‍സടിച്ച് ടോപ് സ്കോററായിരുന്നു. ഈ വര്‍ഷം ആദ്യം നടന്ന ശ്രീലങ്കക്കെതിരായ പരമ്പരയിലും ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും നേടിയ സൂര്യയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. കഴിഞ്ഞ വര്‍ഷം ടി20 ക്രിക്കറ്റില്‍ രണ്ട് സെഞ്ചുറി നേടിയ സൂര്യ ഈവര്‍ഷം തുടക്കത്തിലെ സെഞ്ചുറിയുമായി റണ്‍വേട്ട തുടങ്ങിക്കഴിഞ്ഞു. ശ്രീലങ്കക്കെതിരാ അവസാന ടി20യില്‍ സൂര്യയുടെ വെടിക്കെട്ട് സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് ജയമൊരുക്കിയത്.