ഹോട്ടല്‍ ജീവനക്കാര്‍ക്ക് അടുത്തമാസം മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം: ആരോഗ്യമന്ത്രി

0
146

അടുത്തമാസം ഒന്നുമുതല്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹെല്‍ത്ത് കാര്‍ഡില്ലാതെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. വ്യാജകാര്‍ഡുകള്‍ എടുക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും വീണാ ജോര്‍ജ് തിരുവനന്തപുരത്ത് പറഞ്ഞു.

അതിനിടെ, വടക്കന്‍ പറവൂരില്‍നിന്ന് വീണ്ടും പഴകിയ ഭക്ഷണം പിടികൂടി. അല്‍ഫാം അടക്കമുള്ള പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കുമ്പാരി ഹോട്ടലില്‍നിന്നാണ് പിടികൂടിയത്. അതേസമയം, ഇന്നലെ പറവൂരിലെ ഹോട്ടലില്‍ നിന്ന് പിടികൂടിയ പഴകിയ ഭക്ഷണത്തില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കിയത് നഗരസഭയുടെ വീഴ്ചയാണെന്നാണ് പ്രതിപക്ഷ ആരോപണം.

കഴിഞ്ഞ ദിവസം ഇവിടെയുണ്ടായ ഭക്ഷ്യവിഷബാധയില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. മജിലിസ് ഹോട്ടലിലെ പാചകക്കാരന്‍ ഹസൈനാര്‍ ആണ് പിടിയിലായത്. ഉടമ ഒളിവിലാണ്. ഇവിടെനിന്ന് കുഴിമന്തി കഴിച്ച് ചികിത്സ തേടിയത് അറുപതിലധിം പേരാണ്.

മജ്ലിസ് ഹോട്ടലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇന്നലെ വൈകീട്ട് മജിലിസ് ഹോട്ടലില്‍ നിന്നും കുഴിമന്തിയും, അല്‍ഫാമും, ഷവായിയും മറ്റും കഴിച്ചവര്‍ക്കാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. മയോണൈസും പലരും കഴിച്ചിരുന്നു. രാവിലെ മൂന്ന് വിദ്യാര്‍ത്ഥികളെയാണ് ആദ്യം പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം അതിവേഗം ഉയര്‍ന്നു. ചര്‍ദിയും, വയറിളക്കവും, കടുത്ത ക്ഷീണവുമാണ് എല്ലാവര്‍ക്കും അനുഭവപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here