നാട്ടിലേക്ക് പെട്ടിയുമായി യാത്ര തിരിച്ചയാൾ മറ്റൊരു പെട്ടിയിൽ യാത്രയാകുന്ന സങ്കടകരമായ വിധി, പ്രവാസിയുടെ ദാരുണാന്ത്യത്തെ കുറിച്ച് അഷറഫ് താമരശ്ശേരി

0
274

പ്രവാസലോകത്ത് ആയിരക്കണക്കിന് മലയാളികൾക്ക് ആശ്രയവും അത്താണിയുമാണ് അഷ്റഫ് താമരശേരി. ഗൾഫിൽ വച്ച് മരണപ്പെടുന്ന മലയാളി പ്രവാസികളുടെ മൃതദേഹം ബന്ധുക്കളിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹത്തിൽ ഇടപെടൽ ശ്രദ്ധേയമാണ്. പ്രവാസലോകത്തെ മരണങ്ങളെ കുറിച്ച് ഫേസ്ബുക്കിലും അഷറഫ് താമരശ്ശേരി കുറിപ്പുകൾ എഴുതാറുണ്ട്. അത്തരത്തിൽ നാട്ടിലേക്ക് ബന്ധുക്കളെ കാണാൻ പെട്ടിയും പായ്ക്ക് ചെയ്ത് യാത്ര തിരിച്ച യുവാവ് വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപേ മരണപ്പെട്ട സംഭവത്തെ കുറിച്ചാണ് അഷറഫ് താമരശ്ശേരി എഴുതുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കഴിഞ്ഞ ദിവസം മരണപ്പെട്ടവരിൽ ഒരു സഹോദരൻ ചെറിയ അവധിക്ക് നാട്ടിലേക്ക് തിരിച്ചതായിരുന്നു. ഏതാനും ദിവസത്തേക്കുള്ള യാത്രയായതിനാൽ ഭാര്യയേയും മക്കളേയും കൂടാതെയാണ് യാത്ര പുറപ്പെട്ടത്. ഇത്തരം യാത്രകളിൽ എയര്പോര്ട്ടിലെത്തി എമിഗ്രെഷൻ കഴിഞ്ഞാൽ പതിവായുള്ള ഒരു വിളിയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു കുടുംബം. വിമാനത്തിന്റെ സമയമായിട്ടും വിളി വരാതിരുന്നപ്പോൾ വീട്ടുകാർ അങ്ങോട്ട് വിളിക്കുകയായിരുന്നു. ഫോണെടുത്തത് പൊലീസായിരുന്നു. നാട്ടിലേക്ക് പുറപ്പെട്ട യാത്ര പാതി വഴിയിൽ നിലച്ചു പോയി. ആ സഹോദരന്റെ അവസാന ശ്വാസവും നിന്ന് പോയതോടെ…. പിന്നീടുള്ള എന്നന്നേക്കുമുള്ള യാത്രയും യാത്രയാക്കലും നമ്മൾ ഓർക്കാൻ പോലും ആഗ്രഹിക്കാത്തതാണ്.

പെട്ടിയുമായി യാത്ര തിരിച്ചയാൾ മറ്റൊരു പെട്ടിയിൽ യാത്രയാകുന്ന സങ്കടകരമായ വിധി. ഇത്രയേ ഉള്ളൂ മനുഷ്യരുടെ അവസ്ഥ. എവിടെയാണ്, എപ്പോഴാണ് മരണത്തിന്റെ മാലാഖ നമ്മെ കാത്ത് നിൽക്കുന്നത് എന്ന് നമുക്ക് പ്രതീക്ഷിക്കാനേ കഴിയില്ല. ഈ അവസാന യാത്രക്ക് എപ്പോഴും ഒരുങ്ങിയിരിക്കാൻ കഴിഞ്ഞാൽ അത്രയും നന്ന്‌. മറ്റുള്ളവരോടുള്ള ഇടപാടുകളിൽ ബാധ്യതകൾ വരുത്താതെ ഒരുങ്ങിയിരിക്കാൻ കഴിഞ്ഞാൽ.

നമ്മിൽ നിന്നും വിട പറഞ്ഞു പോയ പ്രിയ സഹോദരങ്ങൾക്ക് ദൈവം നല്ലത് മാത്രം സമ്മാനിക്കട്ടെ അവരുടെ പ്രിയപ്പെട്ടവർക്ക് ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here