ലോകകപ്പോടെ രോഹിത് ശര്‍മ്മ മാറും; അടുത്ത ഏകദിന, ടെസ്റ്റ് ക്യാപ്റ്റന്‍മാര്‍ ഇവര്‍- റിപ്പോര്‍ട്ട്

0
199

മുംബൈ: ഈ വര്‍ഷം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പോടെ രോഹിത് ശര്‍മ്മ ക്യാപ്റ്റന്‍സി ഒഴിഞ്ഞേക്കുമെന്ന് സൂചന. നിലവിലെ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ഏകദിന നായകത്വം ഏറ്റെടുക്കുമെന്നും കെ എല്‍ രാഹുലായിരിക്കും അടുത്ത ടെസ്റ്റ് നായകന്‍ എന്നും ഇന്‍സൈഡ് സ്പോര്‍ടിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ടെസ്റ്റ് ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഏകദിന ലോകകപ്പിന് ശേഷം രോഹിത് ശര്‍മ്മയുടെ ഭാവി അറിഞ്ഞ ശേഷമേ കൈക്കൊള്ളുകയുള്ളൂ.

‘നിലവിലെ സാഹചര്യത്തില്‍ രോഹിത് ശര്‍മ്മയാണ് ലോകകപ്പില്‍ ടീം ഇന്ത്യയെ നയിക്കുക. എന്നാല്‍ ഭാവിയെ കുറിച്ച് തീര്‍ച്ചയായും ആലോചിക്കേണ്ടതുണ്ട്. എന്തെങ്കിലും സംഭവിക്കുമ്പോള്‍ മാത്രം പ്രതികരിക്കുക എന്ന രീതിയില്‍ കാത്തിരിക്കാനാവില്ല. 2023 ലോകകപ്പിന് ശേഷം രോഹിത് ശര്‍മ്മ ഏകദിനത്തില്‍ നിന്നോ ക്യാപ്റ്റന്‍സിയില്‍ നിന്നോ മാറുകയാണെങ്കില്‍ പകരം ഇന്ത്യക്ക് ഒരു പദ്ധതി വേണം. ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റന്‍ എന്ന നിലയില്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. യുവതാരമാണ്, ഇനിയും മെച്ചപ്പെടാനുള്ള അവസരവുമുണ്ട്. ഇപ്പോള്‍ രോഹിത്തിന് പകരക്കാരനായി ഹാര്‍ദിക് അല്ലാതെ മറ്റൊരു ഓപ്‌ഷനും മുന്നിലില്ല. പാണ്ഡ്യക്ക് പിന്തുണയും ഏറെക്കാലം അവസരവും ലഭിക്കണം’ എന്നും ബിസിസിഐ ഒഫീഷ്യല്‍ ന്യൂസ് 18നോട് പറ‌ഞ്ഞു.

ഈ വര്‍ഷത്തെ ഏകദിന ലോകകപ്പിന് ശേഷം ഹിറ്റ്‌മാന്‍ കളിക്കുമോ എന്ന് വ്യക്തമല്ല. രോഹിത് ശര്‍മ്മ, വിരാട് കോലി തുടങ്ങിയ സീനിയര്‍ താരങ്ങളെ മാറ്റിനിര്‍ത്തിയുള്ള പദ്ധതികളാണ് 2024ലെ ട്വന്‍റി 20 ലോകകപ്പിനായി അണിയറയില്‍ ഒരുങ്ങുന്നത് എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ടി20യില്‍ നിലവില്‍ ക്യാപ്റ്റന്‍സി വഹിക്കുന്ന ഹാര്‍ദിക് പാണ്ഡ്യ സ്ഥാനത്ത് തുടരാനാണ് സാധ്യത. കെ എല്‍ രാഹുല്‍ മോശം ഫോമിലാണ് എന്നതിനാല്‍ ഏകദിനത്തിലും ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയിലേക്ക് ഉറ്റുനോക്കുകയാണ് ബിസിസിഐയും സെലക്‌‌ടര്‍മാരും. രാഹുലിനെ മറികടന്ന് നിലവില്‍ ഹാര്‍ദിക്കിനെ ഏകദിന വൈസ് ക്യാപ്റ്റനാക്കിയിട്ടുണ്ട്. എന്നാല്‍ ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ കെ എല്‍ രാഹുലിന് സാധ്യതയുണ്ട് എന്നാണ് സൂചന.

 

LEAVE A REPLY

Please enter your comment!
Please enter your name here