രഞ്ജി ട്രോഫിയില്‍ 74 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 54ന് ഓള്‍ ഔട്ട്, വിദര്‍ഭക്ക് റെക്കോര്‍ഡ്

0
168

നാഗ്പൂര്‍: രഞ്ജി ട്രോഫിയില്‍ എലൈറ്റ് ഗ്രൂപ്പ് ഡി പോരാട്ടത്തില്‍ ഗുജറാത്തിനെതിരെ റെക്കോര്‍ഡ് വിജയവുമായി വിദര്‍ഭ. നാലാം ഇന്നിംഗ്സില്‍ 74 റണ്‍സ് മാത്രം വിജയലക്ഷ്യം മുന്നോട്ടുവെച്ച വിദര്‍ഭ എതിരാളികളെ 54 റണ്‍സിന് പുറത്താക്കി 18 റണ്‍സിന്‍റെ അവിസ്മരണീയ ജയം സ്വന്തമാക്കുകയായിരുന്നു. ഗുജറാത്ത് നിരയില്‍ 18 റണ്‍സെടുത്ത സിദ്ധാര്‍ത്ഥ് ദേശായി മാത്രമാണ് രണ്ടക്കം കടന്ന ഏക ബാറ്റര്‍. 15.3 ഓവറില്‍ 17 റണ്‍സിന് ആറ് വിക്കറ്റെടുത്ത ആദിത്യ സര്‍വതെയും ഒമ്പതോവറില്‍ 11 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ഹര്‍ഷ ദുബേയുമാണ് ഗുജറാത്തിന എറിഞ്ഞിട്ടത്. സ്കോര്‍ വിദര്‍ഭ 74, 254, ഗുജറാത്ത് 256, 54.

ജയത്തോടെ ഡി ഗ്രൂപ്പില്‍ വിദര്‍ഭ രണ്ടാം സ്ഥാനത്തേക്ക് കയറിയ്പപ്പോള്‍ ഗുജറാത്ത് പോയന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് വീണു. രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ ഒരു ടീം പ്രതിരോധിക്കുന്ന ഏറ്റവും കുറഞ്ഞ സ്കോറെന്ന റെക്കോര്‍ഡാണ് ഈ വിജയത്തോടെ വിദര്‍ഭ സ്വന്തമാക്കിയത്. 1948-49 സീസണില്‍ ബിഹാര്‍ 78 റണ്‍സ് പ്രതിരോധിച്ചതായിരുന്നു ഇതിന് മുമ്പത്തെ റെക്കോര്‍ഡ്. നേരത്തെ ആദ്യ ഇന്നിംഗ്സില്‍ വിദര്‍ഭ 74 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഗുജറാത്ത് ഒന്നാം ഇന്നിംഗ്സില്‍ 256 റണ്‍സെടുത്തിരുന്നു.

രണ്ടാം ഇന്നിംഗ്സില്‍ വിദര്‍ഭ 254 റണ്‍സടിച്ചപ്പോള്‍ ഗുജറാത്ത് 54 റണ്‍സിന് പുറത്തായി നാണംകെട്ടു. രഞ്ജിയില്‍ റെക്കോര്‍ഡ് ജയം സ്വന്തമാക്കിയെങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു ടീം പ്രതിരോധിക്കുന്ന ഏറ്റവും ചെറിയ ടോട്ടല്‍ അല്ല ഇത്. 1794ല്‍ ലോര്‍ഡ്സില്‍ നടന്ന മത്സരത്തില്‍ എംസിസിക്കെതിരെ ഓള്‍ഡ്ഫീല്‍ഡ് 41 റണ്‍സ് പ്രതിരോധിച്ചാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ റെക്കോര്‍‍ഡ്. 41 റണ്‍സ് പിന്തുടര്‍ന്ന എംസിസി 34 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here