ഗര്‍ഭനിരോധന ഉറകളിലാക്കി മലദ്വാരത്തിലൊളിപ്പിച്ചു, നെടുമ്പാശേരിയില്‍ പിടികൂടിയത് 38 ലക്ഷത്തിന്‍റെ സ്വര്‍ണം

0
156

കൊച്ചി : നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടിച്ചു. ഗർഭനിരോധന ഉറകളിലൊളിപ്പിച്ച് കടത്തിയ 38 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. ദുബൈയിൽ നിന്നും വന്ന പാലക്കാട് സ്വദേശി മുഹമ്മദിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തു. മൂന്ന് ഗർഭ നിരോധന ഉറകളിലായി പേസ്റ്റ് രൂപത്തിലാക്കിയ 833 ഗ്രാം സ്വർണമാണ് മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയത്.

അതേ സമയം, കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലും ഇന്ന് വൻ സ്വർണ്ണക്കടത്ത് കസ്റ്റംസ് തടഞ്ഞു. അഞ്ചു കേസുകളില്‍ നിന്നായി കസ്റ്റംസ് മൂന്ന് കോടിയോളം രൂപയുടെ സ്വര്‍ണ്ണം പിടിച്ചെടുത്തു. വിമാനത്തിന്റെ ശുചിമുറിയില്‍  ഉപേക്ഷിക്കപ്പെട്ട നിലയിലും സ്വര്‍ണ്ണം കണ്ടെത്തി. കമ്പ്യൂട്ടര്‍ പ്രിന്ററിനുള്ളിലാക്കിയാണ് 55 ലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണ്ണം കടത്തിയത്. മലപ്പുറം ആതവനാട് സ്വദേശി അബ്ദുള്‍ ആശിഖാണ് ഇത്തരത്തിൽ സ്വർണ്ണക്കടത്ത് നടത്തിയത്. പ്രതിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കള്ളക്കടത്ത് സംഘം കാരിയറായ ആശിഖിന് തൊണ്ണൂറായിരം രൂപയായിരുന്നു പ്രതിഫലമായി വാഗ്ദാനം ചെയ്തതെന്ന് കസ്റ്റംസ് അറിയിച്ചു. സ്വര്‍ണ്ണം ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയ തവനൂർ സ്വദേശി അബ്ദുൽ നിഷാര്‍, കൊടുവള്ളി  സ്വദേശി സുബൈറിൽ എന്നിവരും പിടിയിലായി. മറ്റൊരു കേസില്‍ സ്വര്‍ണ്ണം കടത്തിയ വടകര  വെല്യാപ്പളളി സ്വദേശി അഫ്നാസും കസ്റ്റംസ് പിടിയിലായി.

ഇത് പുറമേ എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിലെ വേസ്റ്റ്ബിന്നിൽ നിന്നാണ് 1145 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം കണ്ടെത്തിയത്. ഈ കേസില്‍ ആരും പിടിയിലായിട്ടില്ല. കസ്റ്റംസ് പരിശോധന ഭയന്ന് സ്വർണ്ണം ഉപേക്ഷിച്ച് കാരിയർ രക്ഷപ്പെട്ടതാകാനാണ് സാധ്യത. സ്വർണ്ണവില കുതിച്ചുയരുമ്പോഴും കേരളത്തിലേക്ക് വിദേശത്ത് നിന്നും അനധികൃതമായി സ്വർണ്ണക്കടത്ത് കൂടുകയാണ്. ഓരോ ദിവസം നിരവധിപ്പേരാണ് കസ്റ്റംസിന്റെ പിടിയിലാകുന്നത്. അറസ്റ്റിലാകുന്നവരിൽ ഭൂരിഭാഗവും കാരിയർമാരാണെന്നതാണ് ശ്രദ്ധേയം.

LEAVE A REPLY

Please enter your comment!
Please enter your name here