ദാരുണമായ മരണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവതി; ഭയപ്പെടുത്തും ഈ വീഡിയോ…

0
410

പലവിധത്തിലുമുള്ള പ്രകൃതിദുരന്തങ്ങളില്‍ പെട്ട് വര്‍ഷാര്‍ഷം ജീവൻ നഷ്ടമാകുന്നവര്‍ എത്രയാണ്! പലപ്പോഴും ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാൻ കഴിയും മുമ്പ് തന്നെ ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ നാശം വിതറിക്കൊണ്ട് കടന്നുപോയിട്ടുണ്ടാകും.

കേരളത്തിലാണെങ്കില്‍ അടുത്ത കാലത്തായി തുടര്‍ച്ചയായ പ്രളയവും, ഓഖി പോലുള്ള പ്രതിഭാസങ്ങളും, ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമെല്ലാം എത്ര ജീവനുകള്‍ കവരുകയും എത്ര മനുഷ്യരുടെ കിടപ്പാടവും സമ്പാദ്യവും ഉപജീവനമാര്‍ഗങ്ങളും തകര്‍ത്തുവെന്ന് നാം കണ്ടു.

പ്രതിരോധിക്കാൻ സാധിക്കാത്തവണ്ണമാണ് അധികസാഹചര്യങ്ങളിലും ഇങ്ങനെയുള്ള പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുന്നത്. സമാനമായ രീതിയില്‍ അപ്രതീക്ഷിതമായി വീട്ടിനകത്തേക്ക് ഇതുപോലൊരു ദുരന്തമെത്തുകയും തലനാരിഴയ്ക്ക് ഒരു യുവതിയുടെ ജീവൻ രക്ഷപ്പെടുന്നതും കാണിക്കുന്നൊരു വീഡിയോ ആണിപ്പോള്‍ ശ്രദ്ധേയമാകുന്നത്.

യുഎസിലെ ഹവായില്‍ പലോലോ വാലിയിലാണ് സംഭവം. വലിയൊരു പാറക്കല്ല് ഉരുണ്ട് ഒരു വീടിനകത്തേക്ക് ഇടിച്ചുകയറുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോയുടെ തുടക്കത്തില്‍ ലിവിംഗ് മുറിയിലേക്ക് ടിവി കാണുന്നതിനായി പോകുന്ന യുവതിയെ കാണാം. ഒരു സെക്കൻഡ് നേരം. ഇതിനോടകം തന്നെ പാറക്കല്ല് ഊക്കോടുകൂടി വന്ന് ചുവരിടിച്ച് മറിച്ച് പോകുന്നു.

എന്താണ് അന്നേരം സംഭവിച്ചതെന്ന് പോലും തനിക്ക് മനസിലായില്ലെന്നാണ് പിന്നീട് കരോളിൻ എന്ന ഈ യുവതി പറഞ്ഞത്. ശബ്ദം കേട്ട് നടുങ്ങിക്കൊണ്ട് അകത്തു നിന്ന് മറ്റൊരു യുവതിയും പുറത്തിറങ്ങി നോക്കുന്നത് കാണാം.

സമയത്തിന്‍റെ നേരിയൊരു വ്യത്യാസമില്ലായിരുന്നുവെങ്കില്‍ അതിശക്തമായി തെറിച്ചുവന്ന ഭീമൻ പാറക്കല്ല് തന്‍റെ ജീവനെടുത്തിരുന്നുവെന്നും വളരെ അത്ഭുതകരമായാണ് താൻ രക്ഷപ്പെട്ടതെന്ന് ഏവരും പറഞ്ഞുവെന്നും കരോളിൻ പറയുന്നു. ഇവരുടെ വീടിന് സമീപത്ത് തന്നെയുള്ള മറ്റൊരു വീട്ടിലേക്കും ഇതുപോലെ പാറക്കല്ല് ശക്തമായി ഉരുണ്ടെത്തിയത്രേ. എന്നാല്‍ ഇത്രമാത്രം നാശനഷ്ടം അവിടെയുണ്ടായിട്ടില്ലത്രേ.

കരോളിന്‍റെ വീട്ടിനകത്ത് ചുവര്‍ തകര്‍ന്നതടക്കം പല നഷ്ടങ്ങളുമുണ്ടായി. ഇത് കൂടാതെ പുറത്ത് കിടന്നിരുന്ന ഇവരുടെ കാറും തകര്‍ന്നിട്ടുണ്ട്. ഏതായാലും ജീവൻ നഷ്ടപ്പെട്ടില്ലല്ലോ എന്ന ആശ്വാസത്തിലാണിവര്‍. അതിവേഗമാണ് സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

വീഡിയോ കണ്ടുനോക്കൂ…

LEAVE A REPLY

Please enter your comment!
Please enter your name here