ഉംറക്കും സൗദി സന്ദർശനത്തിനുമായി നാല് ദിവസത്തെ സൗജന്യ ട്രാൻസിറ്റ് വിസകൾ അനുവദിച്ചു തുടങ്ങി. സൗദി ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസിന്റേയും ഫ്ലൈനാസിൻ്റേയും ടിക്കറ്റെടുക്കന്നവർക്കാണ് നാല് ദിവസത്തെ സൗജന്യ ട്രാൻസിറ്റ് വിസ അനുവദിക്കുക. ഇങ്ങനെ എത്തുന്നവർക്ക് ഉംറ ചെയ്യുവാനും മദീനയിൽ സന്ദർശനം നടത്തുവാനും രാജ്യത്തെവിടെയും സഞ്ചരിക്കുവാനും അനുവാദമുണ്ടാകും. കൂടാതെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ടൂറിസം വിനോദ പരിപാടികളിൽ പങ്കെടുക്കുക്കുകയും ചെയ്യാം.
മൂന്ന് മാസം വരെ വിസക്ക് കാലാവധിയുണ്ടാകും. എന്നാൽ രാജ്യത്തെത്തിയാൽ നാല് ദിവസത്തിന് ശേഷം മടങ്ങണം. സൗദി വിമാനത്താവളം വഴി മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ട്രാൻസിറ്റ് യത്രക്കാർക്കും ഈ സേവനം ഉപയോഗിക്കാം. സൗദിയ, ഫ്ലൈനാസ് എന്നീ വിമാനങ്ങളിൽ യാത്ര ചെയ്യാനായി ഓണ്ലൈനായി ടിക്കെറ്റെടുക്കുമ്പോൾ തന്നെ വിസക്കുള്ള അപേക്ഷ നൽകാവുന്നതാണ്. അപേക്ഷ സമർപ്പിച്ചാൽ മിനുട്ടുകൾക്കുള്ളിൽ വിസ ഇമെയിലിൽ എത്തും. രാജ്യത്തെ ഏത് വിമാനത്താവളിത്തിലും വന്നിറങ്ങുവാനും, പുറപ്പെടുവാനും അനുവാദമുണ്ട്.
രാജ്യത്തെ ആഗോള വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിൻ്റേയും, ടൂറിസം പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിൻ്റേയും ഭാമായാണ് പുതിയ സേവനം ആരംഭിച്ചത്. ഏതെല്ലാം രാജ്യങ്ങൾക്ക് ലഭ്യമാകുമെന്ന് പ്രത്യേകം പറയുന്നില്ല. ഇതിനാൽ തന്നെ എല്ലാ രാജ്യങ്ങൾക്കും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.