അഫ്ഗാൻ: മുൻ വനിതാ പാർലമെന്റംഗത്തെയും അംഗരക്ഷകനെയും വീട്ടിൽകയറി വെടിവച്ചുകൊന്നു

0
214

കാബൂൾ: അഫ്ഗാനിസ്ഥാനിൽ മുൻ വനിതാ പാർലമെന്റംഗത്തെയും സുരക്ഷാ ഉദ്യോഗസ്ഥനെയും വെടിവച്ച് കൊന്നു. മുർസൽ നാബിസാദ (32) യും ഇവരുടെ അംഗരക്ഷകനുമാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി വീട്ടിലേക്ക് അതിക്രമിച്ചെത്തിയ അക്രമിസംഘം മുർസൽ നാബിസാദയേയും അംഗരക്ഷകനേയും നിഷ്‌കരുണം വെടിവച്ചു കൊല്ലുകയായിരുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന മുർസൽ നാബിസാദയുടെ സഹോദരനും വെടിയേറ്റിട്ടുണ്ട്.

അമേരിക്കൻ പിന്തുണയുള്ള സർക്കാർ അഫ്ഗാൻ ഭരിച്ചിരുന്ന സമയത്ത്, നംഗർഹാർ സ്വദേശിയായ മുർസൽ 2018ൽ കാബുളിൽനിന്നാണ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അടുത്തിടെ താലിബാൻ അഫ്ഗാനിൽ അധികാരമേറ്റതോടെ മുർസൽ നാബിസാദ ഉൾപ്പെടെയുള്ളവർ പുറത്തായി.

താലിബാന്റെ ഭരണത്തിന് കീഴിൽ സ്ത്രീകളുടെ അവകാശം ഹനിക്കപ്പെടുന്നത് സംബന്ധിച്ച ചർച്ചകൾക്കിടെയാണ് മുൻ എം.പിയുടെ കൊലപാതകം. കൊലപാതകത്തിൽ അഫ്ഗാനിലെയും രാജ്യാന്തരരംഗത്തെയും പ്രമുഖർ അനുശോചിച്ചു. അഫ്ഗാന്റെ ‘ഭയമില്ലാത്ത യോദ്ധാവ്’ എന്നാണ് നാബിസാദയെ മുൻ ജനപ്രതിനിധി മറിയം സൊലൈമാൻഖിൽ ട്വിറ്ററിൽ വിശേഷിപ്പിച്ചത്. അഫ്ഗാനിൽനിന്നു പുറത്തുപോകാൻ അവസരമുണ്ടായിട്ടും അതുചെയ്യാതെ ജനങ്ങൾക്കു വേണ്ടി പോരാടാനാണ് നാബിസാദ ആഗ്രഹിച്ചതെന്നും അവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here