മഞ്ഞയും ചുവപ്പുമല്ല വെള്ളക്കാര്‍ഡ്, ഫുട്ബോള്‍ ചരിത്രത്തിലേക്ക് പോര്‍ച്ചുഗല്‍

0
210

പോര്‍ച്ചുഗല്‍: കായിക ചരിത്രത്തിലാദ്യമായി ഫുട്ബോള്‍ മത്സരത്തില്‍ വെള്ളക്കാര്‍ഡ് പ്രയോഗിച്ച് റഫറി. പോര്‍ച്ചുഗലില്‍ നടന്ന ബെനഫിഷ്യ- സ്പോര്‍ട്ടിംഗ് ലിസ്ബണ്‍ മത്സരത്തിനിടയിലാണ് സംഭവം. ഫുട്ബോള്‍ മത്സരത്തിനിടെ കളിക്കാരെ നിയന്ത്രിക്കാനായി മഞ്ഞ കാര്‍ഡും ചുവപ്പു കാര്‍ഡും പുറത്തിറക്കാറുണ്ടെങ്കിലും വെള്ള കാര്‍ഡ് പ്രയോഗം ഇത് ആദ്യമായാണ്. ശനിയാഴ്ച നടന്ന വനിതാ ഫുട്ബോള്‍ മത്സരത്തിനിടെയാണ് റഫറി കാതറിന കാംപോസ് വെള്ളക്കാര്‍ഡ് വീശിയത്. മത്സരത്തിലെ 44ാം മിനിറ്റില്‍ കളത്തിന് പുറത്ത് തളര്‍ന്നുവീണ ഫുട്ബോള്‍ കളിക്കാരന് മെഡിക്കല്‍ സഹായമെത്തിക്കാനായിരുന്നു വെള്ളക്കാര്‍ഡ് പ്രയോഗം.

കാര്‍ഡ് കണ്ടതിന് പിന്നാലെ ബദ്ധ വൈരികളായ ഇരു ക്ലബ്ബുകളുടേയും മെഡിക്കല്‍ ടീം ആരാധകനെ പരിശോധിക്കാനായി എത്തുകയായിരുന്നു. സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനെ ഉയര്‍ത്തിപ്പിടിച്ച നിമിഷമെന്നാണ് വെള്ളക്കാര്‍ഡ് പ്രയോഗത്തിന് വ്യാപകമായി ലഭിക്കുന്ന പ്രതികരണം. റഫറി കാര്‍ഡ് എടുക്കുന്നത് എന്തിനെന്ന് ഗ്രൌണ്ടിലുള്ള കളിക്കാര്‍ അമ്പരന്ന് നില്‍ക്കുമ്പോഴായിരുന്നു വെള്ളക്കാര്‍ഡ് വീശി നിര്‍ദ്ദേശം ചൂണ്ടി വ്യക്തമാക്കിയ ശേഷം റഫറി മത്സരം തുടര്‍ന്നത്. അടുത്ത കാലത്തായി ഫിഫ ഫുട്ബോള്‍ മത്സരത്തില്‍ നടപ്പിലാക്കിയ തീരുമാനങ്ങളിലൊന്നാണ് വെള്ളക്കാര്‍ഡ്. മത്സരത്തിനിടയില്‍ അടിയന്തര ശ്രദ്ധ വേണ്ടതായ കാര്യം കളിക്കാര്‍ക്കും കോച്ചുമാര്‍ക്കും മറ്റ് ടീം അംഗങ്ങളുടേയും ശ്രദ്ധയില്‍ വരാന്‍ വേണ്ടിയാണ് കാര്‍ഡ് രൂപകല്‍പന ചെയ്തിട്ടുള്ളത്. കളിക്കിടെ കായിക മൂല്യമുള്ള നടപടി വേണ്ട സാഹചര്യത്തില്‍ റഫറിക്ക് വെള്ളക്കാര്‍ഡ് പ്രയോഗിക്കാന്‍ സാധിക്കും.

പോര്‍ച്ചുഗലില്‍ നടപ്പിലാക്കിയ മാറ്റങ്ങളിലാണ് ഇതുള്ളത്. പ്രതീകാത്മക സ്വഭാവമാണ് കാര്‍ഡിനുള്ളത്. പകരക്കാരെ മാറുന്നതിനായും പരിക്കുസമയത്തിനും കൂടുതല്‍ സമയം അനുവദിച്ചതടക്കമുള്ള ഫിഫയുടെ മാറ്റങ്ങളിലാണ് ഈ കാര്‍ഡ് പ്രയോഗം വരിക. ബദ്ധവൈരികള്‍ തമ്മിലുള്ള മത്സരത്തില്‍ 3 ഗോളുകള്‍ക്ക് ബെനഫിഷ്യ ടീം മുന്‍പില്‍ നില്‍ക്കുമ്പോഴാണ് ഡഗ്ഔട്ടില്‍ ഒരു കളിക്കാരന്‍ തളര്‍ന്ന് വീണത്. വെള്ളക്കാര്‍ഡ് പ്രയോഗിച്ചപ്പോള്‍ ഡഗ്ഔട്ടില്‍ തളര്‍ന്നുവീണ കളിക്കാരനടുക്കലേക്ക് ഇരുടീമുകളുടേയും മെഡിക്കല്‍ സംഘമെത്തിയതിന് വലിയ പ്രതികരണമാണ് ഗാലറിയില്‍ നിന്നുണ്ടായത്. മത്സരത്തില്‍ ബെനഫിഷ്യ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്കാണ് സ്പോര്‍ടിംഗ് ലിസ്ബണെ പരാജയപ്പെടുത്തിയത്. ഈ വിജയത്തോടെ ബെനഫിഷ്യ സെമി ഫൈനല്‍ റൌണ്ടിലേക്ക് കടന്നു.

പോര്‍ച്ചുഗലിലെ വനിതാ ഫുട്ബോളില്‍ ഏറ്റവും അധികം കാണികള്‍ എത്തിയ മത്സരം കൂടിയായിരുന്നു ശനിയാഴ്ച നടന്നത്. ഫെയര്‍പ്ലേ പ്രോത്സാഹിപ്പിക്കാന്‍ വെള്ളക്കാര്‍ഡ് പ്രയോഗം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. 1970 ലെ ലോകകപ്പ് മുതലാണ് ഫുട്ബോളില്‍ ചുവപ്പും മഞ്ഞയും കാര്‍ഡ് പ്രയോഗം ഒഴിച്ചുകൂടാനാവാത്തതായത്. സമൂഹമാധ്യമങ്ങളില്‍ വെള്ളക്കാര്‍ഡ് പ്രയോഗത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. വെള്ളക്കാര്‍ഡ് പ്രയോഗിക്കുന്ന സന്ദര്‍ഭങ്ങളേക്കുറിച്ച് ഇനിയും വ്യക്തത വരാനുണ്ട്. എങ്കിലും കളിക്കിടെ കായിക മൂല്യവും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റും ഉയര്‍ത്തിപ്പിടിക്കേണ്ട സാഹചര്യമാണെന്ന് തോന്നിയാല്‍ റഫറിക്ക് വെള്ളക്കാര്‍ഡ് പ്രയോഗിക്കാന്‍ അനുവദിക്കുന്നതാണ് പുതിയ മാറ്റം.  ഒഫീഷ്യലുകള്‍ക്ക് മഞ്ഞക്കാര്‍ഡ് വാരി വിതറുന്ന സാഹചര്യങ്ങളില്‍ ഇനി വെള്ളക്കാര്‍ഡ് പ്രയോഗിക്കാനാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here