ഫുട്ബോള്‍ ഇതിഹാസം ഡാനി ആൽവസ് അറസ്റ്റിൽ

0
257

ബാഴ്‌സലോണ: ബാഴ്‌സലോണയുടെയും ബ്രസീലിന്‍റേയും ഫുട്ബോള്‍ ഇതിഹാസമായ ഡാനി ആൽവസ് ലൈംഗികാതിക്രമ കേസിൽ കാറ്റലൂണിയയില്‍ അറസ്റ്റിൽ എന്ന് റിപ്പോര്‍ട്ട്. 2022 ഡിസംബറില്‍ തനിക്കെതിരെ ഉയര്‍ന്ന പരാതിയിന്‍മേലാണ് ഡാനി ആല്‍വസിന്‍റെ അറസ്റ്റ് എന്നാണ് വിഖ്യാത ഫുട്ബോള്‍ വെബ്‌സൈറ്റായ ഗോള്‍ ഡോട് കോമിന്‍റെ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31ന് ബാഴ്‌സലോണയിലെ ഒരു നൈറ്റ് ക്ലബില്‍ വെച്ചായിരുന്നു കേസിനാസ്‌പദമായ സംഭവം എന്നാണ് പൊലീസ് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിനോട് വ്യക്തമാക്കിയിരിക്കുന്നത്.

ഡാനിയെ വിചാരണയ്ക്കായി ബാഴ്‌സലോണയിലെ കോടതിയില്‍ ഹാജരാക്കും. എന്നാല്‍ തനിക്കെതിരായ ലൈംഗികാരോപണങ്ങള്‍ ഡാനി ആല്‍വസ് നിഷേധിച്ചിട്ടുണ്ട്. ‘സംഭവസ്ഥലത്ത് ഞാനുണ്ടായിരുന്നു. എന്‍റെ കൂടെ വേറെയും കുറെ പേരുണ്ടായിരുന്നു. ഞാന്‍ ഡാന്‍സ് ഇഷ്‌ടപ്പെടുന്ന ആളാണെന്ന് എന്നെ അറിയാവുന്നവര്‍ക്ക് അറിയാം. മറ്റാരുടേയും വ്യക്തിത്വത്തിലേക്ക് കടന്നുകയറാതെ ഞാന്‍ ഡാന്‍സ് ആസ്വദിക്കുകയായിരുന്നു. ആരോപണം ഉന്നയിച്ച വനിത ആരാണെന്ന് തനിക്കറിയില്ല’ എന്നുമാണ് ഡാനി ആല്‍വസിന്‍റെ പ്രതികരണമായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ട്രോഫികള്‍ സ്വന്തമാക്കിയ താരമാണ് മുപ്പത്തിയൊമ്പതുകാരനായ ഡാനി ആല്‍വസ്. ബ്രസീല്‍ കുപ്പായത്തിലും വിവിധ ക്ലബുകളിലുമായി ആല്‍വസ് 43 കിരീടങ്ങളുയര്‍ത്തി. ബാഴ്‌സലോണ, യുവന്‍റസ്, പിഎസ്‌ജി, സെവിയ്യ തുടങ്ങിയ വമ്പന്‍ ക്ലബുകള്‍ക്കായി കളിച്ചിട്ടുള്ള ബ്രസീലിയന്‍ താരം ഇപ്പോള്‍ മെക്‌സിക്കന്‍ ക്ലബ് പ്യൂമാസിനായാണ് ബൂട്ടണിയുന്നത്. എക്കാലത്തേയും മികച്ച പ്രതിരോധ താരങ്ങളുടെ പട്ടികയിലുള്ളയാളാണ് ഡാനി ആല്‍വസ്. ബ്രസീല്‍ ദേശീയ ടീമിനായി 126 മത്സരങ്ങളില്‍ എട്ട് ഗോളുകള്‍ നേടി. ഖത്തറില്‍ അവസാനിച്ച ഫുട്ബോള്‍ ലോകകപ്പില്‍ കാമറൂണിനെതിരായ മത്സരത്തില്‍ ആല്‍വസ് കളത്തിലിറങ്ങിയിരുന്നു. ലോകകപ്പില്‍ കളിക്കുന്ന പ്രായം കൂടിയ ബ്രസീലിയന്‍ എന്ന നേട്ടം ഇതോടെ ഡാനി ആല്‍വസ് സ്വന്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here