ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം കഴിക്കുമ്പോൾ സൂക്ഷിക്കണം ,​ നിർദ്ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ കമ്മിഷണർ

0
226

തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധി ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടുകയും നിരവധി പേർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകുകയും ചെയ്ത സാഹചര്യത്തിൽ പുതിയ ഉത്തരവുമായി ഭക്ഷ്യ സുരക്ഷാ കമ്മിഷണർ. ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പോടുകൂടിയ സ്ലിപ്പോ സ്റ്റിറോ ഇല്ലാത്ത ഭക്ഷണപ്പൊതികൾ നിരോധിച്ചു. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളിൽ കഴിക്കണം എന്നിവ വ്യക്തമാക്കിയിരിക്കണം. പാകംചെയ്ത് ഹോട്ടലുകളിൽ നിന്ന് നൽകുന്ന ഭക്ഷണപ്പൊതികൾക്കാണ് ഉത്തരവ് ബാധകം.

നിർദ്ദേശങ്ങൾ

  • ഫുഡ് സേഫ്ടി സ്റ്റാൻഡേർഡ്സ് റഗുലേഷൻസ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ ഉപയോഗിച്ചിരിക്കണം.
  • ഭക്ഷണം എത്തിക്കാൻ കൂടുതൽ സമയമെടുക്കുന്ന സ്ഥലങ്ങളിൽ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ് നിലനിർത്തേണ്ടതാണ്.
  • പാലും പാൽ ഉത്പന്നങ്ങളും ഇറച്ചിയും ഇറച്ചിയുത്പന്നങ്ങളും മീനും മീൻ ഉത്പന്നങ്ങളുമാണ് ഈ വിഭാഗത്തിൽപെടുന്നത്.
  • ബിൽ ഇല്ലാത്ത ചെറുകിട ഹോട്ടലുകൾ പൊതിയിലെ സ്റ്റിക്കറ്റിൽ സമയവും എത്രമണിക്കൂറിനുള്ളിൽ ഉപയോഗിക്കണമെന്നും രേഖപ്പെടുത്തണം.
  • വിവാഹം അടക്കമുള്ള പൊതുപരിപാടികൾക്ക് ഓഡിറ്റോറിയങ്ങളിലും മറ്റും നൽകുന്ന പാകംചെയ്ത ഭക്ഷണവും 60 ഡിഗ്രി താപനിലയിൽ സൂക്ഷിക്കണം.
  • ബേക്കറികളിലും മറ്റും വിൽക്കുന്ന ഭക്ഷണ പാക്കറ്റുകൾക്ക് നിലവിലുള്ള ലേബലിങ് നിയമം ബാധകമാണ്.
  • ഭക്ഷണം ഉണ്ടാക്കിയ സമയവും ഉപയോഗ കാലാവധിയും ഭക്ഷണപദാർഥത്തിലെ ചേരുവകളും രേഖപ്പെടുത്തണം.
  • മയോണൈസ് പോലുള്ളവ ചേർത്ത ഭക്ഷണം അടുത്ത ദിവസത്തേക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നുണ്ട്. ഇത് ബാക്ടീരിയ പെരുകുകയും കഴിക്കുന്നവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ഭക്ഷണവസ്തുക്കൾ ഫ്രീസറിൽ അല്ലാതെ ഫ്രിഡ്ജിൽ സൂക്ഷിച്ചശേഷം ചൂടാക്കാത്തതും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.

ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ നോട്ടീസ് നൽകും. തെറ്റ് ആവർത്തിച്ചാൽ പിഴയടപ്പിക്കുന്നതും പ്രവർത്തനം നിർത്തിക്കുന്നതുമടക്കമുള്ള നടപടികളിലേക്ക് നീങ്ങും.

ചില നിയന്ത്രണങ്ങൾ അത്യാവശ്യമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here