അല്‍ഫാം കഴിച്ചതിനു പിന്നാലെ ഭക്ഷ്യവിഷബാധ; കോട്ടയത്ത് നഴ്‌സ് മരിച്ചു; ജീവനെടുത്തത് രണ്ട് മാസം മുന്‍പ് ‘പൂട്ടിയ’ ഹോട്ടല്‍

0
345

ഭക്ഷ്യവിഷബാധയേറ്റു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു. മെഡിക്കല്‍ കോളജ് അസ്ഥിരോഗ വിഭാഗം തീവ്രപരിചരണ വിഭാഗത്തിലെ നഴ്‌സ് രശ്മി(33) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കോട്ടയം സംക്രാന്തിയിലുള്ള ഹോട്ടലില്‍ നിന്നാണ് രശ്മി അല്‍ഫാം കഴിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.

ഭക്ഷണം കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഛര്‍ദ്ദിയും തുടര്‍ന്നു വയറിളക്കവും അനുഭവപ്പെട്ടു. ശാരീരികമായ തളര്‍ന്നതിനെ തുടര്‍ന്നു ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ഇവരുടെ ആരോഗ്യനില കൂടുതല്‍ മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

ഈ ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ച മറ്റ് 20 പേര്‍ക്കും ശാരീരിക ബുദ്ധിമുട്ടു ഉണ്ടായിരുന്നു. ഇതില്‍ 14 വയസ്സുകാരനായ സംക്രാന്തി സ്വദേശി മെഡിക്കല്‍ കോളജിലും മറ്റുള്ളവര്‍ സ്വകാര്യ ആശുപത്രികളിലും ചികിത്സയില്‍ കഴിയുകയാണ്.

രണ്ടു മാസം മുന്‍പ് വ്യാപക പരാതി ഉണ്ടായതിനെത്തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി പൂട്ടിയ ഹോട്ടലാണ് ഇത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വീണ്ടും ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിച്ചത് അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here