മഞ്ചേശ്വരം ∙ പുതുവർഷ ആഘോഷ വിപണി ലക്ഷ്യമാക്കി സ്കൂട്ടറുകളിൽ കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന 55.2 ഗ്രാം എംഡിഎംഎയുമായി രണ്ടിടങ്ങളിൽ നിന്നായി കർണാടക സ്വദേശികളായ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂട്ടുറുകളും കസ്റ്റഡിയിലെടുത്തു. കർണാടക ബണ്ട്വാൾ സ്വദേശികളായ കലന്തർഷാഫി (28), ബഷീർ (27), മംഗളൂരു തൊക്കോട്ട് തലപ്പാടി കോട്ടക്കാറിലെ അക്ഷയ് (27), പ്രീതം (28), കിരൺ ഡിസൂസ (23) എന്നിവരെയാണ് ഡിവൈഎസ്പി സി.എ.അബ്ദുൽ റഹീം, സിഐ കെ.സന്തോഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രണ്ടിടങ്ങളിൽ നിന്നായി പിടികൂടിയത്.
ഇന്നലെ പുലർച്ചെ ഒരു മണിക്ക് ഉപ്പള ഗവ.എൽപി സ്കൂളിനടുത്ത് വച്ചാണ് കലന്തർ ഷാഫി, ബഷീർ എന്നിവരെ പൊലീസ് സംഘം വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്. ഇവരിൽ നിന്ന് 43.10 ഗ്രാം എംഡിഎംഎയാണു കണ്ടെടുത്തത്. കർണാടകയിൽ നിന്നു ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് വിതരണത്തിനായി കൊണ്ടു വരുകയായിരുന്നു. കുഞ്ചത്തൂർ തുമ്മിനാട്ടിൽ വച്ചാണ് 12.10 ഗ്രാം എംഡിഎംഎയുമായി അക്ഷയ്, പ്രീതം, കിരൺഡീസൂസ എന്നിവരെ പിടികൂടുന്നത്. പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി വിവിധ സംഘങ്ങൾക്കു നൽകാനായി എത്തിച്ചതാണ് ലഹരിമരുന്നെന്നു പ്രതികൾ പൊലീസിനു മൊഴി നൽകി. രാജ്യാന്തര വിപണിയിൽ ലക്ഷങ്ങളാണ് ഈ ലഹരിമരുന്നിനുള്ളതെന്ന് പൊലീസ് പറഞ്ഞു.