‘കൂടുതൽ കടമെടുക്കാൻ സമ്മതിക്കണം’: സാമ്പത്തിക പ്രതിസന്ധി രൂക്ഷം: കേന്ദ്രത്തിനു കേരളം കത്തെഴുതും

0
224

തിരുവനന്തപുരം: സർക്കാരിനു കീഴിലെ കിഫ്ബി അടക്കമുള്ള സ്ഥാപനങ്ങൾ‌ എടുക്കുന്ന വായ്പ സർക്കാരിന്റെ കടത്തിൽ ഉൾപ്പെടുത്തരുതെന്നും ഇതുവഴി കൂടുതൽ കടമെടുക്കാൻ കേരളത്തിന് സൗകര്യമൊരുക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദൈനംദിനം ചെലവിനു പോലും പണം കണ്ടെത്താൻ കഴിയാത്ത തരത്തിൽ സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കു പോകുമെന്ന ആശങ്ക കണക്കിലെടുത്താണ് പരമാവധി തുക സമാഹരിക്കുന്നതിനു കേന്ദ്രത്തെ സമീപിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കത്തയയ്ക്കും.

2017 ന് മുൻപ് സംസ്ഥാന സർക്കാർ നേരിട്ട് റിസർവ് ബാങ്ക് വഴി എടുക്കുന്ന കടം മാത്രമാണ് സംസ്ഥാന സർക്കാരിന്റെ കടമായി കണക്കാക്കിയിരുന്നത്. എന്നാൽ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപറേഷനുകൾ, പ്രത്യേക ഉദ്ദേശ്യ സ്ഥാപനങ്ങൾ എന്നിവ സംസ്ഥാന ബജറ്റ് വഴിയോ അവർക്കു നിശ്ചയിച്ചു നൽകിയ സംസ്ഥാന നികുതി, സെസ് തുടങ്ങിയവ വഴിയോ സ്വീകരിക്കുന്ന വായ്പകൾ സംസ്ഥാന സർക്കാരിന്റെ തന്നെ കടമെടുപ്പായി പരിഗണിക്കുമെന്ന് 2017 ൽ കേന്ദ്രം വ്യവസ്ഥ കൊണ്ടുവന്നു. ഭരണഘടനയുടെ അനുച്ഛേദം 293(3) പ്രയോഗിച്ചായിരുന്നു ഇൗ നടപടി. സംസ്ഥാനത്തിന്റെ കടമെടുപ്പിനു മേൽ കേന്ദ്രത്തിനുള്ള അധികാരം നിർവചിക്കുന്നതാണ് ഇൗ അനുച്ഛേദം.

2017 ൽ കൊണ്ടുവന്ന വ്യവസ്ഥ ഇൗ സാമ്പത്തിക വർഷം മുതലാണ് കേന്ദ്രം പ്രയോഗിച്ചു തുടങ്ങിയത്. ഇതോടെ സംസ്ഥാനത്തിന്റെ കടമെടുപ്പ് തുകയിൽ 24,638 കോടി രൂപയുടെ കുറവുണ്ടാകുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കിയിരുന്നു. റവന്യു കമ്മി ഗ്രാന്റ്, കേന്ദ്ര നികുതി വിഹിതം എന്നിവ വർധിപ്പിക്കണമെന്നും ജിഎസ്ടി നഷ്ടപരിഹാരം പുനഃസ്ഥാപിക്കണമെന്നും കത്തിൽ കേരളം ആവശ്യപ്പെടും. ഇതേ ആവശ്യങ്ങളുന്നയിച്ച് 2 മാസം മുൻപ് കേന്ദ്രമന്ത്രി നിർമല സീതാരാമന് മന്ത്രി കെ.എൻ.ബാലഗോപാൽ നേരിട്ടു കത്തു നൽകിയെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ് കേന്ദ്ര നിലപാടെന്നും മന്ത്രിസഭ വിലയിരുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here