മകളുടെ നിക്കാഹിന് താരമായി ഉപ്പ; വൈറലായ വീഡിയോയിലെ ഉപ്പയും മകളും…

0
384

മകളുടെ വിവാഹത്തിന് അതിഥികളുടെയും മറ്റെല്ലാവരുടെയും ആകര്‍ഷണകേന്ദ്രമായി പിതാവ് മാറുന്ന കാഴ്ച!. ‘വിംഗ്സ് മീഡിയ’ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു വിവാഹ വീഡിയോ ക്ലിപ് ഇപ്പോള്‍ ഇങ്ങനെയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

എങ്ങനെയാണ് മകളുടെ വിവാഹത്തിന് പിതാവ് ഇത്രമാത്രം ശ്രദ്ധ നേടി താരമാകുന്നത്!പരമ്പരാഗതമായ രീതികളില്‍ നിന്നെല്ലാം സധൈര്യം വ്യതിചലിച്ച് മകളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തില്‍ പെണ്‍മക്കളുള്ള പിതാക്കന്മാര്‍ക്കെല്ലാം മാതൃകയാകുംവിധമൊരു ചുവടുവയ്പ് നടത്തിയിരിക്കുകയാണ് ഇദ്ദേഹം.

ആലുവ സ്വദേശി ഡോ. ബഷീറാണ് ഏവരുടെയും കയ്യടി നേടുന്ന ഈ ഉപ്പ.സാധാരണഗതിയില്‍ മുസ്ലീം വിവാഹങ്ങളില്‍ നിക്കാഹ് എന്ന ചടങ്ങ് നടത്തുന്നത് വധുവിന്‍റെ പിതാവും വരനും ചേര്‍ന്നാണ്. വധുവിന്‍റെ സമ്മതം മിക്ക കുടുംബങ്ങളിലും ഈ ചടങ്ങിന് മുമ്പ് തന്നെ അനൗപചാരികമായി ചോദിച്ചിരിക്കും.

നിക്കാഹ് ഔപചാരികമായി നടക്കുന്ന സമയത്ത് വധുവിന് പ്രകടമായ പങ്കാളിത്തമുണ്ടാകില്ല. എന്നാല്‍ ബഷീര്‍ ഈ കീഴ്വഴക്കത്തിന് മാറ്റമുണ്ടാക്കിക്കൊണ്ട് മകളെയും നിക്കാഹ് വേളയില്‍ ചേര്‍ത്തുപിടിക്കുകയാണ്.

നിക്കാഹിന് മകള്‍ മിലിയോട് പരസ്യമായി സമ്മതം ചോദിക്കുകയാണ് ബഷീര്‍. സത്യത്തില്‍ ഈ ഒരു ചോദ്യം ആരും പ്രതീക്ഷിച്ചതായിരുന്നില്ലെന്നും ഏവരും ഇത് കേട്ട് അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപ്പെട്ടുവെന്നും വിവാഹ വീഡിയോ പകര്‍ത്തിയ ‘വിംഗ്സ് മീഡിയ’യുടെ മുനവ്വിറലി പറയുന്നു.

‘അത് വല്ലാത്തൊരു നിമിഷമായിരുന്നു. അദ്ദേഹം അത് നേരത്തെ തീരുമാനിച്ചുകാണും. എന്നാല്‍ മറ്റുള്ള ആര്‍ക്കും ഇതെക്കുറിച്ച് അറിയില്ല. ഈ ഒരു ചോദ്യവും അതിന്‍റെ പ്രാധാന്യവും എത്രമാത്രമാണെന്ന് വീഡിയോ ഇങ്ങനെ വൈറലായപ്പോഴാണ് ശരിക്ക് മനസിലാകുന്നത്. ഇപ്പോള്‍ പല ക്ലയന്‍റുകളും ഞങ്ങളെ സമീപിക്കുമ്പോള്‍ തന്നെ ഇക്കാര്യം പറയുന്നുണ്ട്. നിക്കാഹ് സമയത്ത് ഇങ്ങനെ ചോദിക്കാൻ ആഗ്രഹിക്കുന്നുണ്ട് എന്ന രീതിയില്‍. അതൊക്കെ ഏറെ സന്തോഷം തരുന്ന അനുഭവമാണ്…’- മുനവ്വിറലി പറയുന്നു.

ബഷീറിന്‍റെയും ഷഹീദ ബഷീറിന്‍റെയും മകളായ മിലിയുടെയും ആഷിഖിന്‍റെയും വിവാഹം രണ്ട് മാസം മുമ്പാണ് നടന്നത്. എന്നാല്‍ വിവാഹ വീഡിയോയുടെ ഈ ക്ലിപ്പ് ഇപ്പോഴാണ് ഏറെ ശ്രദ്ധ നേടുന്നത്. പലരും വീഡിയോയില്‍ കാണുന്ന ഉപ്പയെയും മകളെയും കുറിച്ച് അന്വേഷിക്കുന്നുണ്ട്. മിക്കവര്‍ക്കും ഇവര്‍ ആരാണെന്നോ അല്ലെങ്കില്‍ മറ്റ് വിശദാംശങ്ങളോ ഒന്നുമറിയില്ല.

ആലുവയിലാണ് കുടുംബവും ബന്ധങ്ങളുടെ വേരുകളുമെങ്കിലും വിദേശത്താണ് ബഷീറും കുടുംബവും വര്‍ഷങ്ങളായി കഴിയുന്നത്. മകളുടെ വിവാഹം നാട്ടില്‍ വച്ച് തന്നെയാണ് നടത്തിയത്. വിവാഹച്ചടങ്ങിന്‍റെ സമയത്ത് വധുവിന് ഇത്രമാത്രം ആദരവും പ്രാധാന്യവും നല്‍കാൻ ഈ പിതാവ് കാണിച്ച മനസിനെ എത്ര അഭിനന്ദിച്ചാലും മതി വരില്ലെന്നാണ് വീഡിയോ കണ്ട നിരവധി പേര്‍ അഭിപ്രായപ്പെടുന്നത്.

കാലോചിതമായ ഇത്തരം മാറ്റങ്ങള്‍ അനിവാര്യമാണെന്നും എന്നാലത് സ്നേഹത്തിന്‍റെ പേരിലാകുമ്പോള്‍ അതിന്‍റെ ഭംഗിയും വ്യാപ്തിയും കൂടുമെന്നും ഏറെ പേര്‍ സന്തോഷപൂര്‍വം വീഡിയോ കണ്ട ശേഷം പറയുന്നു.

വൈറലായ വീഡിയോ ഒന്ന് കണ്ടുനോക്കൂ…

LEAVE A REPLY

Please enter your comment!
Please enter your name here