ലക്നൗ: ഭാര്യയുമായി വഴക്കിട്ട് മൂന്നു വയസ്സുകാരനായ മകനെ തൂമ്പാ കൊണ്ട് അടിച്ചു കൊന്ന് പിതാവ്. ഉത്തർപ്രദേശിലെ ഹൊസ്സെയിൻഗഞ്ചിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം. ഹൊസ്സെയ്ൻഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ചിത്തിസാപൂർ ഗ്രാമത്തിൽ നിന്നുള്ള ചന്ദ്ര കിഷോർ ലോധി എന്നയാളാണ് തൂമ്പാ കൊണ്ട് മകനെ അതിക്രൂരമായി കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
”ബുധനാഴ്ച രാത്രിയാണ് ഇയാളും ഭാര്യയും തമ്മിൽ വഴക്കുണ്ടാകുന്നത്. വഴക്കിനൊടുവിൽ ഇയാൾ മകനെ തൂമ്പാ കൊണ്ട് ആക്രമിക്കുകയായിരുന്നു.” സർക്കിൾ ഓഫീസർ വീർസിംഗ് പറഞ്ഞു. കൊലക്ക് ശേഷം മൃതദേഹം കുഴിച്ചു മൂടുകയും ചെയ്തു. ഇയാളുടെ ഭാര്യയാണ് കൊലപാതകത്തെക്കുറിച്ച് പോലീസിൽ വിവരമറിയിച്ചത്. പൊലീസ് മൃതദേഹം കണ്ടെടുക്കുകയും ലോധിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അതേ സമയം, ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് മറ്റൊരു കൊലപാതകവാർത്തയും പുറത്തെത്തി. ദളിത് യുവാവിനെ നാലു പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മര്‍ദ്ദനമേറ്റ് ഗുരുതര പരിക്കുകളുമായി ചികിത്സയിലായിരുന്ന യുവാവ് ഇന്നലെയാണ് മരണപ്പെട്ടത്. ഗുരുഗ്രാമിലെ ഘോഷ്ഗഡ് ഗ്രാമത്തില്‍ പലചരക്കു കട നടത്തുന്ന ഇന്ദര്‍ കുമാറിനെയാണ് നാലംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. വൈദ്യുതി ബില്ല് അടയ്ക്കാനായി ഏല്‍പ്പിച്ച പണത്തില്‍ നിന്നും 3000 രൂപ എടുത്തതിനാണ് യുവാവിനെ മര്‍ദ്ദിച്ചത്.
വൈദ്യുത ബില്ല് അടയ്ക്കേണ്ട സമയത്തേക്ക് ഈ പണം കണ്ടെത്താന്‍ ഇന്ദര്‍ കുമാറിന് സാധിച്ചില്ല. ബില്‍ അടയ്ക്കാഞ്ഞതോടെ പണം കൊടുത്തയാള്‍ ചോദ്യം ചെയ്തു. സാഗര്‍ യാദവ് ഇന്ദര്‍ കുമാറിന്റെ വീട്ടിലെത്തുകയും 16,000 രൂപ തിരികെ വാങ്ങി ബാക്കി പണം അടുത്ത ദിവസം നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ദര്‍ കുമാറിന് പണം നല്‍കാനായില്ല. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും അത് അക്രമത്തിലേക്ക് എത്തുകയുമായിരുന്നു. സാഗര്‍ യാദവ് സുഹൃത്തുക്കളുമായി ഇന്ദന്‍ കുമാറിന്‍റെ വീട്ടിലെത്തിയാണ് മര്‍ദ്ദിച്ചതെന്ന് പിതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. വടികളുപയോഗിച്ചായിരുന്നു മര്‍ദ്ദനം. അടിയേറ്റ് അവശനിലയിലായ യുവാവിനെ ഉപേക്ഷിച്ച് പ്രതികള്‍ സ്ഥലം വിട്ടു.