സച്ചിനും കോലിയും വരെ വളരെ പിന്നില്‍! ഇനി എന്ത് ചെയ്താല്‍ ഇന്ത്യന്‍ ടീമിലെത്തും? സര്‍ഫ്രാസിന്‍റെ പോരാട്ടം

0
976

മുംബൈ: മുട്ടിയിട്ടും മുട്ടിയിട്ടും തുറക്കാത്ത ഇന്ത്യന്‍ ടീമിന്‍റെ വാതിലുകള്‍ ഇടിച്ചു തുറക്കുന്ന തരത്തിലുള്ള പ്രകടനം തുടര്‍ന്ന് സര്‍ഫ്രാസ് ഖാന്‍. മുംബൈ ടീമിലേക്ക് തിരികെ എത്തിയ ശേഷം ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമിലാണ് സര്‍ഫ്രാസ്. കഴിഞ്ഞ വര്‍ഷം ഇന്ത്യ എ ടീമിലേക്ക് താരം തെരഞ്ഞെടുക്കപ്പെട്ടെങ്കിലും പ്രധാന ടീമിലേക്കുള്ള വിളിക്കായി കാത്തിരിക്കുകയാണ് താരം. ഈ സീസണില്‍ രണ്ട് സെഞ്ചുറികളാണ് സര്‍ഫ്രാസ് നേടിയത്.

അസമിനെതിരെ 28 പന്തില്‍ 32 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നതോടെ താരത്തിന്‍റെ ബാറ്റിംഗ് ശരാശരി ഒരിക്കല്‍ കൂടി 80 കടന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 80ന് മുകളിൽ ശരാശരിയുള്ള രണ്ട് ബാറ്റ്സ്മാൻമാരിൽ ഒരാളാണ് സര്‍ഫ്രാസ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 95.14 ബാറ്റിംഗ് ശരാശരിയിൽ തന്റെ കരിയർ പൂർത്തിയാക്കിയ ഡോൺ ബ്രാഡ്മാനാണ് പട്ടികയിൽ ഒന്നാമത് നില്‍ക്കുന്നത്. 234 മത്സരങ്ങളിൽ നിന്ന് 28067 റൺസാണ് ഓസ്‌ട്രേലിയൻ ഇതിഹാസം അടിച്ചുകൂട്ടിയത്. അതില്‍ 117 സെഞ്ചുറികളും 69 അർധസെഞ്ചുറികളും ഉള്‍പ്പെടുന്നുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെ അരങ്ങേറിയിട്ടില്ലാത്ത സര്‍ഫ്രാസ് ഖാന് ഇന്ത്യന്‍ ഇതിഹാസങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി എന്നിവരെക്കാള്‍ ബാറ്റിംഗ് ശരാശരി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലുണ്ട്. എന്തായാലും അടുത്ത കാലത്തായി സര്‍ഫ്രാസ് നടത്തുന്ന പ്രകടനം ഇന്ത്യന്‍ സെലക്ടര്‍മാരുടെ കണ്ണില്‍പ്പെട്ടു കാണണം. ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ അതില്‍ താരം ഉള്‍പ്പെടുമോയെന്നുള്ളതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

അതേസമയം, രഞ്ജി ട്രോഫിയില്‍ റെക്കോര്‍ഡ് ട്രിപ്പിള്‍ സെഞ്ചുറിയുമായി മുംബൈ ബാറ്റര്‍ പൃഥ്വി ഷായും വമ്പന്‍ തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റില്‍ വീരേന്ദര്‍ സെവാഗിന്‍റെ പകരക്കാരനായി പറഞ്ഞുകേട്ട ഓപ്പണറാണ് പൃഥ്വി ഷാ. അതിവേഗം സ്കോര്‍ ചെയ്യാന്‍ കഴിവുള്ള താരം പക്ഷേ പരിക്കും ഫോമില്ലായ്‌മയും കാരണം ടീമില്‍ വന്നും പോയുമിരുന്നു. രഞ്ജി ട്രോഫിയില്‍ 379 റണ്‍സടിച്ച് തിളങ്ങിയ ഷാ വീണ്ടും തന്‍റെ പേര് സെലക്‌ടര്‍മാരുടെ മുന്നിലേക്ക് വച്ചുനീട്ടുകയാണ്. ന്യൂസിലന്‍ഡിനെതിരായ ഏകദിന, ട്വന്‍റി 20 ടീമുകളെ ഉടന്‍ പ്രഖ്യാപിക്കാനിരിക്കേ ഷായുടെ ബാറ്റിംഗിന് നേരെ സെലക്‌ടര്‍മാര്‍ക്ക് കണ്ണടയ്ക്കാന്‍ സാധിക്കില്ല. എന്നാല്‍ ആര്‍ക്ക് പകരം പൃഥ്വിയെ ടീമിലെടുക്കും എന്നതാണ് സെലക്‌ടര്‍മാരുടെ മുന്നിലുള്ള വെല്ലുവിളി.

 

LEAVE A REPLY

Please enter your comment!
Please enter your name here