തീവ്ര ന്യൂനമർദ്ദം, കാലാവസ്ഥ മോശമാകും; കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവരെല്ലാം മടങ്ങിവരാൻ അറിയിപ്പ്

0
184

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടതോടെ കടലിലെ സാഹചര്യം മോശമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾക്ക് കാലാവസ്ഥ വകുപ്പിന്‍റെ ജാഗ്രത നിർദേശം. കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവരെല്ലാം വേഗത്തിൽ മടങ്ങിയെത്തണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. തെക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്ര – ന്യൂനമർദത്തിന്‍റെ സ്വാധീനം കന്യാകുമാരി തീരം വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവർ 2023 ജനുവരി 31 നോട് കൂടി തിരിച്ച് സുരക്ഷിത തീരത്തേക്ക് മടങ്ങണമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശിച്ചിട്ടുള്ളത്.

31 – 01 – 2023 മുതൽ 04 – 02 – 2023 വരെ ന്യൂനമർദ സ്വാധീനഫലമായി അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്ന കന്യാകുമാരി തീരം, ഗൾഫ് ഓഫ് മന്നാർ, തമിഴ്നാട് തീരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നീ സമുദ്ര ഭാഗങ്ങളിൽ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ലെന്നും അറിയിപ്പുണ്ട്. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വീശിയടിച്ചേക്കാവുന്ന അതിശക്തമായ കാറ്റിനുള്ള മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിൽ മാറ്റം വരുന്നത് വരെ കേരള തീരത്ത് നിന്ന് ആരും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട തീവ്ര ന്യുന മർദ്ദത്തിന്‍റെ സ്വാധീനത്താൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട തീവ്ര ന്യുന മർദ്ദം ഇന്ന് ( ജനുവരി 31) വൈകുന്നേരം വരെ പടിഞ്ഞാറു ദിശയിൽ സഞ്ചാരിച്ച ശേഷം നാളെ (ഫെബ്രുവരി 1) ശ്രീലങ്ക തീരത്തു കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. ഇതിന്‍റെ സ്വാധീന ഫലമായാണ് കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. തെക്കൻ കേരളത്തിലാകും കൂടുതൽ മഴ സാധ്യത.

 

LEAVE A REPLY

Please enter your comment!
Please enter your name here