റാഞ്ചി: ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് വേദിയായത് ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണിയുട ഹോം ഗ്രൗണ്ടായ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയമായിരുന്നു. മത്സരത്തലേന്ന് ധോണി ഇന്ത്യന്‍ ടീമിനെ സന്ദര്‍ശിക്കാനെത്തുകയും അത് ആരാധകര്‍ ആഘോഷമാക്കുകയും ചെയ്തു. ഇന്നലെ മത്സരം കാണാനും ധോണിയും ഭാര്യ സാക്ഷിയും എത്തിയിരുന്നു. മത്സരത്തിനിടെ ധോണിയെയും ഭാര്യ സാക്ഷിയെയും സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനില്‍ കാണിച്ചപ്പോള്‍ വലിയ ആരവമാണ് സ്റ്റേഡിയത്തില്‍ കാണികളില്‍ നിന്നുയര്‍ന്നത്. ധോണി കാണികളെ നോക്കി കൈവീശുകയും ചെയ്തു.
മത്സരശേഷം ന്യൂസിലന്‍ഡ് താരവും സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ കമന്‍ററി ടീം അംഗവുമായ ജിമ്മി നീഷാമിനോട് റാഞ്ചിയില്‍ ധോണിയ്ക്കുള്ള ആരാധക പിന്തുണയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടിയായിരുന്നു ശ്രദ്ധേയം. സത്യം പറഞ്ഞാല്‍ സ്റ്റേഡിയത്തില്‍ ഇരു ടീമിന്‍റെയും ബാറ്റിംഗോ ബൗളിംഗോ കാണാനൊന്നും ആളില്ലായിരുന്നു. എല്ലാവര്‍ക്കും കാണേണ്ടത് മറ്റൊരാളെയായിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍ അത് ഞാന്‍ ശരിക്കും ആസ്വദിച്ചു. ഇന്ത്യയിലേക്ക് വരുമ്പോള്‍ ഇവിടുത്തെ കാണികളുടെ പിന്തുണയും സമ്മര്‍ദ്ദവും ഞങ്ങള്‍ക്ക് നല്ല പോലെ അറിയാം-നീഷാം സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു. ധോണിയെ ഉദ്ദേശിച്ചായിരുന്നു നീഷാമിന്‍റെ വാക്കുകള്‍.
ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായി നീഷാം ന്യൂസിലന്‍ഡിന്‍റെ സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ നിന്ന് അടുത്തിടെ ഒഴിവായിരുന്നു. നിലവിലെ ന്യൂസിലന്‍ഡ് ടീമിലും ഇല്ലാത്ത നീഷാം കമന്‍ററി പറയാനാണ് എത്തിയിരിക്കുന്നത്. ഏകദിന പരമ്പര തൂത്തുവാരിയെങ്കിലും ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 21 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത കിവീസ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സടിച്ചപ്പോള്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.