കൈകൊടുക്കുന്നതും കെട്ടിപ്പിടിക്കുന്നതും ഒഴിവാക്കണം എന്ന് നിർദ്ദേശിച്ചതിനെ തുടർന്ന് വിവാദമായ ഒരു വിദ്യാലയമുണ്ട് ബ്രിട്ടനിൽ. നിർദ്ദേശം പുറപ്പെടുവിച്ചതിന് മാതാപിതാക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും വലിയ വിമർശനം ഏറ്റുവാങ്ങുകയാണ് സ്കൂൾ. ഒരുതരത്തിലും കുട്ടികൾ തമ്മിൽ പരസ്പരം തൊടാൻ പാടുള്ളതല്ല എന്നതാണ് നിർദ്ദേശം. ഇത് ക്രൂരമായിപ്പോയി എന്നാണ് രക്ഷിതാക്കളും നാട്ടുകാരും പറയുന്നത്.
എസെക്‌സിലെ ചെംസ്‌ഫോർഡിലെ ഹൈലാൻഡ്‌സ് സ്‌കൂൾ പറയുന്നത്, തങ്ങളുടെ സ്കൂൾ ഒരുതരത്തിലും പ്രണയബന്ധങ്ങൾ അനുവദിക്കില്ല എന്നാണ്. അതുപോലെ സ്കൂളിൽ മൊബൈൽ ഫോണുകളും കൊണ്ടുവരരുത്. അത് പിടിക്കപ്പെട്ടാൽ പിടികൂടി ആ ദിവസം മുഴുവനും തങ്ങളുടെ കയ്യിൽ സൂക്ഷിക്കും എന്നും സ്കൂൾ നിർദ്ദേശങ്ങളിൽ പറയുന്നു.
എന്നാൽ, രക്ഷിതാക്കളും നാട്ടുകാരും ഇതിനെ നിശിതമായ വിമർശിച്ചു. പക്ഷേ സ്കൂൾ അധികൃതർ പറയുന്നത്, വിമർശനങ്ങൾ വരുന്നുണ്ട് എങ്കിലും ഭൂരിഭാഗം വിദ്യാർത്ഥികളും രക്ഷിതാക്കളും ഈ നിർദ്ദേശങ്ങൾ അംഗീകരിക്കുന്നു എന്നും അത് അവരെ ഭാവിയിൽ ജോലിസ്ഥലത്തായാൽ പോലും പ്രൊഫഷണലായി പെരുമാറാൻ സഹായിക്കും എന്നുമാണ്.
അസിസ്റ്റന്റ് ഹെഡ്ടീച്ചർ കാതറിൻ മക്മില്ലൻ അയച്ച കത്തിൽ പറയുന്നത്, ഒരു തരത്തിലും കുട്ടികൾ പരസ്പരം തൊട്ട് പോകരുത് എന്നാണ്. വിദ്യാർത്ഥികൾ തമ്മിൽ കൈകൊടുക്കുവാനോ, കെട്ടിപ്പിടിക്കാനോ, തല്ലുവാനോ ഒന്നും പാടില്ല എന്നും കത്തിൽ വിശദമാക്കുന്നുണ്ട്.
മാതാപിതാക്കൾക്ക് അയച്ച കത്തിൽ, ഇത് നിങ്ങളുടെ മക്കളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് എന്നും സ്കൂൾ വിശദീകരിക്കുന്നു. നിങ്ങളുടെ കുട്ടി സമ്മതത്തോട് കൂടിയാണ് എങ്കിലും അല്ലെങ്കിലും ആരെയെങ്കിലും സ്പർശിച്ചാൽ അത് എന്തിലേക്കും നീങ്ങാം. മറ്റൊരു കുട്ടിക്ക് പരിക്ക് പറ്റാം, ചിലപ്പോൾ സുരക്ഷിതത്വ കുറവ് അനുഭവപ്പെടാം. അതുകൊണ്ടാണ് ഇങ്ങനെ ഒരു നിർദ്ദേശം എന്നും കത്തിൽ പറയുന്നു.
ജീവിതകാലം മുഴുവനും നീണ്ടുനിൽക്കുന്ന സൗഹൃദം ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ, ഒരു തരത്തിലും ഉള്ള പ്രണയബന്ധങ്ങൾ അനുവദിക്കില്ല. സ്കൂളിന്റെ പുറത്ത് നിങ്ങളുടെ അനുവാദത്തോട് കൂടി അതാവാം എന്നും കത്തിൽ പറയുന്നുണ്ട്.