ഈ സീരിയല്‍ നമ്പര്‍ ഉള്ള കറന്‍സി നിങ്ങളുടെ കൈവശമുണ്ടോ, എങ്കില്‍ ലക്ഷാധിപതിയാകാം!

0
301

വിവിധ രാജ്യങ്ങളിലെ അപൂര്‍വങ്ങളായ കറന്‍സി നോട്ടുകളും നാണയങ്ങളുമൊക്കെ ശേഖരിക്കുന്ന സ്വഭാവക്കാരാണോ നിങ്ങള്‍? എങ്കില്‍ ഇതാ ഒരു സന്തോഷവാര്‍ത്ത. നിങ്ങളുടെ കയ്യില്‍ ഇനി പറയുന്ന  സീരിയല്‍ നമ്പര്‍ ഉള്ള കറന്‍സി നോട്ട് ഉണ്ടെങ്കില്‍ അത് നല്‍കി പകരം ലക്ഷങ്ങള്‍ നേടാന്‍ ഒരു സുവര്‍ണാവസരം വന്നിരിക്കുകയാണ്. 

സംഗതി ബ്രിട്ടനിലാണ്. ChangeChecker.com എന്ന വെബ്‌സൈറ്റ് ആണ് കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് പുറത്തിറങ്ങിയ 10 പൗണ്ടിന്റെ ഒരു പ്ലാസ്റ്റിക് നോട്ടിന് പുതുതായി കൈവന്ന അധികമൂല്യത്തെക്കുറിച്ച് അറിയിച്ചത്. വ്യത്യസ്ത സീരിയല്‍ നമ്പറുകളുള്ള ഈ പ്ലാസ്റ്റിക് നോട്ടാണ് ഇപ്പോള്‍ ബ്രിട്ടനിലെ കളക്ടര്‍മാര്‍ തിരയുന്ന ആ വിഐപി നോട്ട്. ഇതിന് ഇന്ത്യയിലെ മൂന്നര ലക്ഷം രൂപയോളമാണ് ഇപ്പോള്‍ വില. 

നോട്ടിലെ സീരിയല്‍ നമ്പറാണ് ഇതിന്റെ പ്രത്യേകത.  ഈ അക്കങ്ങള്‍ ഒരു പ്രത്യേക ക്രമത്തില്‍ പ്രത്യക്ഷപ്പെടുന്നത് കറന്‍സി നോട്ടിന്റെ പണ മൂല്യം വര്‍ദ്ധിപ്പിക്കുന്നു.  പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരിയായ ജെയ്ന്‍ ഓസ്റ്റിന്റെ ജനന-മരണ തീയതികളുമായി ബന്ധപ്പെട്ടാണ് ഇതിനു ഡിമാന്‍ഡ് വന്നത്. 1775 ല്‍ ജനിച്ച ജെയ്ന്‍ ഓസ്റ്റിന്‍ 1817 ലാണ് മരണപ്പെട്ടത്. ഇംഗ്ലീഷ് സാഹിത്യ ലോകത്ത് ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന ആറ് പ്രധാനപ്പെട്ട കൃതികളുടെ രചയിതാവാണ്  ജെയ്ന്‍ ഓസ്റ്റിന്‍. അവരുടെ ജനനം മരണ തീയതികള്‍ ഉള്‍ക്കൊള്ളുന്നതിനാലാണ് 10 പൗണ്ടിന്റെ ഈ പ്ലാസ്റ്റിക് നോട്ടിന് ഇത്രയധികം ഡിമാന്‍ഡ്. 

ജെയിന്‍ ഓസ്റ്റിന്‍ ജനിച്ച വര്‍ഷം കാണിക്കുന്ന  16 121775 എന്ന സീരിയല്‍ നമ്പറിലുള്ള നോട്ട്, മരണത്തീയതി കുറിക്കുന്ന 18 071817 എന്ന സീരിയല്‍ നമ്പറിലുള്ള നോട്ട് എന്നിവയ്ക്കായാണ് നാണയ, കറന്‍സി ശേഖരണക്കാര്‍ അന്വേഷണം നടത്തുന്നത്. അതുപോലെ, ജനന, മരണ തീയതികള്‍ ഒന്നിച്ചു വരുന്ന  17 751817 എന്ന സീരിയല്‍ നമ്പര്‍, ജെയിന്‍ ഓസ്റ്റിന്റെ പ്രധാന നോവലായ പ്രൈഡ് ആന്റ് പ്രെജുഡൈസ് പുറത്തിറങ്ങിയ വര്‍ഷത്തെ കുറിക്കുന്ന  28 011813  എന്ന സീരിയല്‍ നമ്പര്‍ എന്നി ഉള്‍പ്പെടുന്ന കറന്‍സികള്‍ക്കും വന്‍ ഡിമാന്‍ഡുണ്ട്. 

ഡെയിലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ഈ നോട്ടിന് 3.5 ലക്ഷം രൂപ വരെ നല്‍കാനും കളക്ടര്‍മാര്‍ തയ്യാറാണ്. ഇതാദ്യമല്ല ഇത്തരത്തില്‍ ഒരു മോഹന വാഗ്ദാനം വരുന്നത്. ഇതിനുമുന്‍പും ചരിത്രപരമായ ബന്ധമുള്ള കറന്‍സികളും നാണയങ്ങളും മോഹനവിലയില്‍ വിറ്റു പോയിട്ടുണ്ട്.

ഇതുകൂടാതെ, ക്യൂ ഗാര്‍ഡന്‍സ്, ലണ്ടന്‍ ഒളിമ്പിക്‌സ് 2012 എന്നിവയുള്ള നാണയങ്ങള്‍ക്കും വലിയ ഡിമാന്‍ഡ് ആണ് നാണയം ശേഖരിക്കുന്നവര്‍ക്കിടയിലുള്ളത്. 

LEAVE A REPLY

Please enter your comment!
Please enter your name here