കൊല്ലപ്പെട്ട പിഎഫ്ഐ നേതാവ് സുബൈറിൻ്റെ പേരിലും ജപ്തി നോട്ടീസ്

0
168

പാലക്കാട്: പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ ആക്രമണത്തിന് ജപ്തി നേരിടുന്നവരിൽ മരിച്ചയാളും. കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പാലക്കാട് എലപ്പുള്ളി സുബൈറിനാണ് കോടതി ജപ്തി നോട്ടീസ് അയച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കിൽ സുബൈറിൻ്റെ മുഴുവൻ ആസ്തിയും ജപ്തി ചെയ്യുമെന്നാണ് നോട്ടീസിൽ പറയുന്നത്. 2022 സെപ്തംബർ 23-നാണ് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താൽ നടന്നത്. എന്നാൽ 2022 ഏപ്രിൽ പതിനഞ്ചിന് കൊല്ലപ്പെട്ടയാളാണ് സുബൈർ. ഇദ്ദേഹത്തെ കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജൂലൈ 11-നാണ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി എസ്. ഷംസുദ്ധീൻ കുറ്റപത്രം നൽകിയത്. 167 സാക്ഷികളും 208 പ്രധാന രേഖകളുമുള്ള 971 പേജ് കുറ്റപത്രമാണ് തയ്യാറാക്കിയത്. ആർഎസ്എസ് ഭാരവാഹികൾ അടക്കം ഒൻപതു പേരാണ് കേസിലെ പ്രതികൾ.

സംഭവത്തിൽ സുബൈറിൻ്റെ കൂടുംബം പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. സുബൈറിൻ്റെ കുടുംബത്തിന് പതിനഞ്ച് ലക്ഷത്തിൻ്റെ സ്വത്ത് മാത്രമേയുള്ളൂ എന്നാണ് കുടുംബം പറയുന്നത്. ജപ്തി ചെയ്യേണ്ടവരുടെ പട്ടിക തയ്യാറാക്കിയപ്പോൾ പൊലീസിന് സംഭവിച്ച പിഴവാണ് പരേതൻ്റെ പേരിൽ ജപ്തി നോട്ടീസ് വരാൻ കാരണം എന്ന ആരോപണം ഉയർന്നു കഴിഞ്ഞു.

അതേസമയം പിഎഫ്ഐ നേതാക്കൾക്കെതിരെ ജപ്തി നടപടികൾ സംബന്ധിച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ജില്ലകൾ തിരിച്ചുള്ള റിപ്പോർട്ടാണ് ആഭ്യന്തര അഡീ.സെക്രട്ടറി ഹൈക്കോടതിക്ക് കൈമാറിയത്. മലപ്പുറത്ത് ആളുമാറി സ്വത്ത് കണ്ടുകെട്ടിയ സംഭവത്തിൽ സർക്കാർ റിപ്പോർട്ടിൽ വിശദീകരണം നൽകിയിട്ടുണ്ട്. ജപ്തിയിൽ ചില തർക്കങ്ങളുണ്ടായിട്ടുണ്ടെന്ന് റവന്യൂ ഉദ്യോഗസ്ഥർ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പിഎഫ്ഐയുമായി ബന്ധമില്ലാത്തവരുടെ സ്വത്ത് കണ്ടുകെട്ടി എന്നാണ് പരാതി. എതിർപ്പുകളുടെ സത്യാവസ്ഥ പരിശോധിച്ച് നിയമാനുസൃതമായ നടപടി സ്വീകരിക്കും എന്ന് സർക്കാർ റിപ്പോർട്ടിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here