മാള്‍ഡ: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലിയെയും എലിയെയും കണ്ടെത്തി. പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയിലുള്ള സഹുർഗാച്ചി ബിദ്യാനന്ദപൂർ പ്രൈമറി സ്കൂളിലാണ് സംഭവം. സ്‌കൂളിലെ ഉച്ചഭക്ഷണം ഗുണനിലവാരമില്ലാത്തതാണെന്നും ഇതിനെക്കുറിച്ച് വിദ്യാർത്ഥികൾ വളരെക്കാലമായി പരാതിപ്പെടുന്നുണ്ടെന്നും നാട്ടുകാരനായ അഫ്‍സര്‍ പറഞ്ഞു. ഇന്ന് ഭക്ഷണം പരിശോധിച്ചപ്പോള്‍ കയ്യോടെ ഈ പ്രശ്നങ്ങള്‍ പിടികൂടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി മുതല്‍ നാല് മാസത്തേക്ക് ഉച്ചഭക്ഷണത്തിൽ ചിക്കനും സീസണൽ പഴങ്ങളും ഉൾപ്പെടുത്താനുള്ള പദ്ധതി പശ്ചിമ ബംഗാൾ സർക്കാർ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇത്തരമൊരു വിഷയം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേരത്തെ, പശ്ചിമ ബംഗാളിൽ തന്നെ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ പാമ്പിനെയും കണ്ടെത്തിയിരുന്നു. ബിർഭും ജില്ലയിലെ മണ്ഡൽപൂർ പ്രൈമറി സ്കൂളിലാണ് സംഭവം. ഉച്ചഭക്ഷണം കഴിച്ച 30 ഓളം വിദ്യാർത്ഥികളെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദ്യാര്‍ത്ഥികളുടെ നില മെച്ചപ്പെട്ടെന്നും ഉടനെ ആശുപത്രി വിടുമെന്നും സ്കൂൾ കൗൺസിൽ ചെയർമാൻ പി നായക് പ്രതികരിച്ചു. തിങ്കളാഴ്ച ഉച്ചഭക്ഷണത്തിനൊപ്പം വിളമ്പിയ പയറിലാണ് പാമ്പിനെ കണ്ടെത്തിയത്. കുട്ടികളെല്ലാം ഭക്ഷണം കഴിച്ച ശേഷമാണ് ബക്കറ്റിന് അടിയില് ചത്ത പാമ്പിനെ കണ്ടത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ കുട്ടികള്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ഇതോടെ എല്ലാ വിദ്യാര്‍ത്ഥികളെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഒരു കുട്ടിയൊഴികെ എല്ലാവരും ആശുപത്രി വിട്ടു. ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ നില മെച്ചപ്പട്ടിട്ടുണ്ടെന്ന് സ്കൂൾ കൗൺസിൽ ചെയർമാൻ പി നായക് പറഞ്ഞു.
സംഭവത്തില്‍ പ്രകോപികതരായ രക്ഷിതാക്കള്‍ സ്കൂളിലേക്ക് സംഘടിച്ചെത്തി പ്രധാന അധ്യാപകനെ മര്‍ദ്ദിക്കുകയും ഇരുചക്രവാഹനം തകര്‍ക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് മോശം ഭക്ഷണമാണ് സ്കൂളില്‍ നിന്നും ലഭിക്കുന്നതെന്നാണ് രക്ഷിതാക്കളുടെ ആരോപണം. ഇക്കാര്യം ജില്ലാ വിദ്യാഭ്യാസ ഓഫീസറെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ജില്ലയിലെ സ്കൂളുകളില്‍ ഉടനെ തന്നെ പരിശോധനയ്ക്കെത്തുമെന്നും ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ ദിപാഞ്ജൻ ജന മാധ്യമപ്രവർത്തകരോട് പറഞ്ഞു.