മഞ്ചേശ്വരം കോഴക്കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു; കെ സുരേന്ദ്രന്‍ ഒന്നാം പ്രതി

0
221

കാസര്‍ഗോഡ്: മഞ്ചേശ്വരം കോഴക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കാസര്‍ഗോഡ് ജില്ലാകോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം. സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

കേസില്‍ സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് പേരാണ് പ്രതികള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥി കെ സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടരലക്ഷം രൂപയും സ്മാര്‍ട്ട്‌ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം ജാമ്യമില്ലാവകുപ്പുകളാണ് കെ സുരേന്ദ്രനും മറ്റ് നാല് പ്രതികള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

ജനപ്രാതിനിധ്യ നിയമത്തിലെ 171 ബി, ഇ വകുപ്പുകള്‍ പ്രകാരമാണ് കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്. മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി വി രമേശന്റെ പരാതിയിലായിരുന്നു കേസ്. യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, കെ സുരേന്ദ്രന്റെ ചീഫ് ഏജന്റായിരുന്ന ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ ബാലകൃഷ്ണഷെട്ടി, കെ മണികണ്ഠ റൈ, ലോകേഷ് നോഡ എന്നിവരാണ് മറ്റു പ്രതികള്‍. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം തയ്യാറാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here